കനത്ത മഴ വകവെക്കാതെ രക്ഷാപ്രവര്‍ത്തകര്‍

ബാങ്കോക്ക്: കനത്ത മഴക്കിടെ തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം മൂന്നാം നാളിലേക്ക്. മഴയെ വകവെക്കാതെ രക്ഷാ പ്രവര്‍ത്തകര്‍ സജീവമായി ഇന്നും രംഗത്തിറങ്ങി.

ഗുഹയില്‍നിന്നു പുറത്തെത്തിച്ച എട്ടു കുട്ടികളും മാനസികമായും ശാരീരികമായും ആരോഗ്യവാന്‍മാരാണെന്ന് തായ് ആരോഗ്യ വകുപ്പ് അറിയിച്ചു. രക്ത പരിശോധനകളുള്‍പെടെയുള്ളവയ്ക്ക് കുട്ടികളെ വിധേയരാക്കിയിരുന്നു. ഇവരില്‍ രണ്ടു പേര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി സംശയമുണ്ട്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കും. കുട്ടികളെ ഒരാഴ്ച നിരീക്ഷണത്തില്‍ വെക്കുമെന്നും അധികൃതര്‍ അറിയിച്ചു. ശരീരത്തിലുള്ള അണുബാധ പൂര്‍ണമായും നീക്കിയ ശേഷമേ നേരത്തെ ആശുപത്രിയിലെത്തിയ കുട്ടികളെ കാണാന്‍ ഇവരുടെ കുടുംബങ്ങളെ അനുവദിക്കുകയുള്ളൂ.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായ എട്ടു പേരെയാണ് ഗുഹയില്‍ നിന്ന് പുറത്തെത്തിച്ചത്. നാലു കുട്ടികളെയും പരിശീലകനെയുമാണ് ഇനി പുറത്തെത്തിക്കാനുള്ളത്. ഇവരെ ചേംബര്‍3 എന്ന പേരില്‍ അറിയപ്പെടുന്ന സുരക്ഷിതകേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. ഇവിടെനിന്നു രണ്ടു കി.മീറ്റര്‍ മാത്രമാണു ഗുഹാമുഖത്തേക്കുള്ളത്. ഇവരെ ഇന്നു പുറത്തെത്തിച്ചേക്കും.

പുറത്തെത്തിയ കുട്ടികളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. രക്ഷപ്പെടുത്താന്‍ ബാക്കിയുള്ളവരുടെ കുടുംബങ്ങളെകൂടി പരിഗണിച്ചാണിത്.

ഞായറാഴ്ച രക്ഷിച്ച കുട്ടികളെക്കാള്‍ കൂടുതല്‍ ആരോഗ്യവാന്മാരാണ് ഇന്നലെ പുറത്തെത്തിയ നാലുപേരെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അതിനിടെ, പുറത്തെത്തിയ എട്ടുപേരെയും തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ച വൈകിട്ട് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നേരത്തെ, ഗുഹാപരിസരത്ത് പ്രധാനമന്ത്രിയെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നു കണ്ടു റദ്ദാക്കുകയായിരുന്നു.

40 തായ്‌ലന്‍ഡുകാരും 50 വിദേശികളുമടങ്ങുന്ന മുങ്ങല്‍വിദഗ്ധരാണു ഗുഹയ്ക്കകത്തു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. ഗുഹാമുഖത്ത് ഇന്നലെയും കനത്ത മഴ തുടര്‍ന്നെങ്കിലും ഇതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നു രക്ഷാപ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കുന്ന ഗവര്‍ണര്‍ നാരോങ്‌സാക്ക് ഒസാട്ടനോകോണ്‍ അറിയിച്ചു.

ജൂണ്‍ 23നാണ് 12 കുട്ടികളും പരിശീലകനുമടങ്ങുന്ന ഫുട്‌ബോള്‍ സംഘം വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ് റായിയിലുള്ള താം ലുവാങ് ഗുഹയില്‍ പ്രവേശിച്ചത്. 11നും 16നും ഇടയില്‍ പ്രായമുള്ളവരാണു കുട്ടികള്‍. പരിശീലകന് 25 വയസും. ഇവര്‍ അകത്തു പ്രവേശിച്ച ശേഷം പെയ്ത കനത്ത മഴയില്‍ വെള്ളം പ്രവേശിച്ച് ഗുഹ അടയുകയായിരുന്നു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar