പച്ചക്കറി വിപണി മലയാളിക്ക് മാരക രോഗം വില്‍ക്കുന്നു
മലയാളിയുടെ തീന്‍മേശയിലേക്ക് വരുന്ന പച്ചക്കറി എങ്ങിനെ രോഗ വാഹിനി ആവുന്ന എന്ന ചെറിയൊരു അന്വേഷണം മാത്രമാണിത്. ആരോഗ്യ പരിപാലനത്തിന് കോടികള്‍ ചെലവിടുന്ന സര്‍ക്കാര്‍ വെളുപ്പാന്‍ കാലത്ത് കേരളത്തിലെ പച്ചക്കറി മൊത്ത വിതരണ കേന്ദ്രത്തിലേക്ക് വരിക. അവിടെ കാണുന്ന കാര്യങ്ങള്‍ നിങ്ങളുടെ കണ്ണുതുറപ്പിക്കുന്നില്ലെങ്കില്‍ കേരളം പനിച്ചും വിറച്ചും മാത്രമല്ല ,മാരക രോഗങ്ങള്‍ പിടിപെട്ടു തന്നെ മരിക്കും..ഒരു ദൈവത്തിന്നും മലയാളിയെ രക്ഷിക്കാനാവില്ല.
: അമ്മാര്‍ കിഴുപറമ്പ് :…………………………………
കോഴിക്കോട്. നിപാ വൈറസ് ഭയത്തില്‍ ജീവിക്കുന്ന മലയാളിക്ക് കൂടുതല്‍ ആദി സൃഷ്ടിക്കുകയാണ് മഴക്കാല രോഗങ്ങള്‍. പല പേരിലുള്ള പനികളാണ് ഒരോ മഴക്കാലത്തും മലയാളിയെത്തേടി എത്തുന്നത്. അതാത് കാലങ്ങളില്‍ കുറെ മുന്‍കരുതല്‍ എടുത്ത് ആരോഗ്യ വകുപ്പ് രംഗത്തിറങ്ങുമെന്നതൊഴിച്ചാല്‍ വര്‍ഷാ വര്‍ഷം പതിവു പോലെ നടക്കുന്ന ചടങ്ങായി മാറിയിരിക്കുന്നു ചിക്കന്‍ ഗുനിയയും,ഡെങ്കിപനിയും,മങ്കിപ്പനിയും,അരിവാള്‍പ്പനിയുമെല്ലാം. സര്‍ക്കാാര്‍ കോടികള്‍ മുടക്കി പ്രതിരോധ നടപടികള്‍ നടത്തുന്നു എന്നല്ലാതെ നിരവധിപേര്‍ ഓരോ വര്‍ഷവും ശുചിത്വമേറെയുള്ള മലയാളിക്കിടയില്‍ നിന്നും മരണത്തിനു കീഴടങ്ങുന്നു. കൊതുകിന്റെയും എലിയുടെയും മേല്‍ കുറ്റം ആരോപിച്ച് അവയെ കൊന്നൊടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടു നല്‍കി സായൂജ്യമടയുകയാണ് ഭരണകൂടം.ഓരോ വര്‍ഷവും പതിവു തെറ്റാതെ മലയാളിയെ പനിപ്പിടിപ്പിച്ചു കിടത്തുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ് നമ്മുടെ തീന്‍മേശകളിലേക്കെത്തുന്ന പച്ചക്കറികളും രോഗം പടര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നില്ലേ എന്ന നിഗമനത്തിലെത്തിയത്. പല വിധത്തിലുള്ള രോഗാണുക്കളെ മനുഷ്യരിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കാണ് നമ്മുടെ പച്ചക്കറി വിപണികള്‍ നടത്തുന്നത്. കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന തമിഴ് നാട്ടിലേയും കര്‍ണ്ണാടകത്തിലേയും പാടങ്ങളിലാണ് ആദ്യം അന്വേഷണം ചെന്നെത്തിയത്. മാരകമായ രാസ വസ്തുക്കള്‍ പ്രയോഗിച്ചാണ് അധിക വിളകളും ഉല്‍പ്പാദിപ്പിക്കുന്നത് എന്നത് മലയാളിക്ക് തന്നെ കേള്‍ക്കുന്നത് അതൃപ്തിയാണ്. അതുകൊണ്ട് ഞങ്ങള്‍ വിളവെടുത്ത ശേഷമുള്ള കാര്യങ്ങളാണ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത്.
കര്‍ണ്ണാടക തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് പാടങ്ങളിലാണ് പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. ഒരേ സമയത്താണ് കൃഷി ആരംഭിക്കുന്നത് എന്നതിനാല്‍ തന്നെ വിളവെടുപ്പം ഏകദേശം ഒരോ സമയത്തതാണ് നടക്കുക. കൃഷി ചെയ്ത ഭൂമിയില്‍ തന്നെയാണ് വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ ഒന്നും രണ്ടും ദിവസം സൂക്ഷിക്കുന്നത്. കുത്തക കമ്പനികള്‍ ഏറ്റെടുത്തവ അപ്പപ്പോള്‍ തന്നെ പാടങ്ങളില്‍ നിന്നും നീക്കം ചെയ്യും.കേരളത്തില്‍ നി്ന്നുള്ള ഏജന്റുമാര്‍ ചെറുകിട കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് സ്വരൂപിക്കുകയാണ് ചെയ്യുന്നത്. പണിക്കൂലി കുറയ്ക്കാന്‍ വേണ്ടി അവര്‍ കൃഷി ഭൂമിയില്‍ നിന്നും നേരിട്ട് ലോറികളില്‍ കയറ്റുകയാണ് പതിവ്. മാര്‍ക്കറ്റുകളില്‍ നിന്നും ശേഖരിക്കുന്ന ചാക്കുകളിലാണ് ഇത്തരം ഉല്‍പപന്നങ്ങള്‍ നിറയ്ക്കുന്നത്. രാസ വസ്തുക്കള്‍,വളം,സിമന്റ് എന്നിവ കൊണ്ടു വന്ന ചാക്കുകളാണ് മാര്‍ക്കറ്റില്‍ നിന്നും ഇതിന്നായി ശേഖരിക്കുന്നത്. വേണ്ടത്ര ശുദ്ധിയാക്കാത്ത ഈ ചാക്കുകളില്‍ നിന്നു തുടങ്ങുന്നു രോഗാണുക്കളുടെ യാത്രയും. ലോറികളില്‍ കൊണ്ടു വരുന്ന പച്ചക്കറികള്‍ രാത്രികാലങ്ങളിലാണ് കേരളത്തിലെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും ഇറക്കുന്നത്. ഇവര്‍ക്കൊന്നും ഗോഡൗണ്‍ സംവ്വിധാനങ്ങളില്ല. പേരിനൊരു പീടിക മുറി ഉണ്ടാവും. സാധനങ്ങള്‍ ഇറക്കുന്നതും പുനര്‍ വിപണനം നടത്തുന്നതുമെല്ലാം റോഡരികില്‍ വെച്ചും ഫുട്പാത്തുകളില്‍ വെച്ചുമാണ്. യാതൊരു കവറിംഗുമില്ലാതെ വരുന്ന പച്ചക്കറികള്‍ വൃത്തികേട് നിറഞ്ഞ റോഡില്‍ ഇറക്കി വെച്ചാണ് നാട്ടിന്‍പുറങ്ങളിലെ കച്ചവടക്കാര്‍ക്ക് കൈമാറുന്നത്. കേരളത്തിലെ ഏതൊരു പച്ചക്കറി വിണി എടുത്താലും അവിടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ കാണാം. ഇഷ്ടം പോലെ ഭക്ഷണം (കേടു വന്ന പച്ചക്കറികള്‍) കിട്ടുമെന്നതിനാല്‍ ഇത്തരം അങ്ങാടികളില്‍ ഇവയെ കയറൂരി വിട്ടിരിക്കുകയാണ്.ഇങ്ങനെ അലഞ്ഞു തിരിയുന്ന കന്നുകാലികളും നായയും പൂച്ചയും എലിയും യഥേഷ്ടം വിഹരിക്കുന്ന തെരുവിലാണ് രാത്രികാലങ്ങളില്‍ പച്ചക്കറി വിപണനവും നടക്കുന്നത്. അവയുടെ മലമൂത്ര വിസര്‍ജ്ജനം നടന്ന അതേ സ്ഥലത്താണ് യാതൊരു കവറിംഗുമില്ലാത്ത പച്ചക്കറികള്‍ കൊണ്ടിറക്കുുന്നത്. ഇവിടെ നിന്നൊക്കെയല്ലേ നമ്മുടെ ശരീരത്തിലേക്ക് രോഗാണുക്കള്‍ കടന്നു കൂടുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അത് തെറ്റാവും.അതത് സ്ഥലത്തെ കോര്‍പ്പറേഷനുകള്‍ അല്‍പ്പം ബ്ലീച്ചിംഗ് പൗഡര്‍ തളിക്കും എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രതിരോധ സംവ്വാധാനം.
മൊത്ത വ്യാപാരം രാവിലെ പത്തുമണി ആവുമ്പോഴേക്കും പൂര്‍ത്തിയാവും.പിന്നെയാണ് ഫുട്പാത്ത് കച്ചവടം തകൃതിയായി നടക്കുക. ഉന്ത് വണ്ടിയില്‍ വെച്ച് ആര്‍ക്കും എന്തും വില്‍ക്കാം. ഈ ഭക്ഷ്യ വസ്തുക്കള്‍ എവിടെ സൂക്ഷിക്കുന്നു എന്നോ ഒന്നും ആരു തിരക്കില്ല. ഫുട്പാത്തില്‍ നിര്‍ത്തിയിടുന്ന ഉന്ത് വണ്ടിക്കു മുകളില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയാല്‍ കഴിഞ്ഞു കടക്കാരന്റെ ഉത്തരവാദിത്വം.ഇനി പച്ചക്കറി മാര്‍ക്കറ്റില്‍ കടയുള്ളവരുടെ കച്ചവടമാണെങ്കിലും സാധനങ്ങളെല്ലാം കടക്കു പുറത്തും നിലത്തുമായിരിക്കും ഉണ്ടാവുക. ഒരു പച്ചക്കറി ഉത്പന്നവും നല്ല പാക്കറ്റില്‍ വിപണിയില്‍ എത്തുന്നില്ല എന്നതാണ് സത്യം. തെരുവിലും വൃത്തിഹീനമായ സ്ഥലത്തുമാണ് ഇറക്കിവെക്കുന്നതും വില്‍പ്പന നടത്തുന്നതും. രോഗാണു വാഹകരായ ജീവജാലങ്ങളെല്ലാം യഥേഷ്ടം ഇടപഴകുന്ന അവസ്ഥയാണ് കൃഷി ഭൂമി മുതല്‍ വില്‍പ്പന സ്ഥലം വരെ എന്നതാണ് സത്യം. പെട്ടന്നു കേടു വരും എന്നതിനാല്‍ വളരെ വേഗം വിറ്റൊഴിവാക്കുക എന്നതാണ് വ്യാപാരികളുടെ താല്‍പ്പര്യം. അതുകൊണ്ടു തന്നെ മറ്റുള്ള വിഷയങളൊന്നും അവരെ ബാധിക്കില്ലെന്ന നിലപാടാണ് പലര്‍ക്കും.മാരക വിഷ വസ്തുക്കള്‍ ഉപയോഗിച്ച് അത്യുല്‍പ്പാദനം നടത്തി വിളയിച്ച് കേരളത്തിലെത്തുന്ന പച്ചക്കറികളിലെ കീട കീടനാശിനിയുടെ അളവ് ഒരു സ്ഥലത്തും പരിശോധനക്കു വിധേയമാക്കുന്നില്ല. അതിനൊപ്പം കേരളത്തിലെ പച്ചക്കറി മെത്തവിതരണ കേന്ദ്രത്തിലെ അശാസ്ത്രീയമായ കൈകാര്യം കൂടിയാവുമ്പോള്‍ പച്ചക്കറി വലിയ ആരോഗ്യ പ്രശ്‌നങളാണ് മലയാളിയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്.
തെരുവിലെ(ഫുട്പാത്തിലെ) മുഴുവന്‍ പച്ചക്കറി കടകളും സര്‍ക്കാര്‍ നിര്‍ദ്ദേശത്തോ
ടെ കടകളിലേക്ക് മാറ്റുക എന്നതാണ് ആദ്യം വേണ്ടത്. ഗോഡൗണ്‍ ഇല്ലാത്ത മെത്ത വിതരണ കച്ചവടക്കാരുടെ വിപണനം തടയാനും തെരുവില്‍ വെച്ച് രാത്രികാലങ്ങളില്‍ നടക്കുന്ന വ്യാപാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വേണം. ആരോഗ്യ സുരക്ഷാ ജീവനക്കാരുടെ വലിയ ശ്രദ്ധ പച്ചക്കറി വിപണിയിലേക്ക് പതിയേണ്ടിയിരിക്കുന്നു. പച്ചക്കറികള്‍ സുരക്ഷിതമായ പാക്കിംഗ് സംവ്വിധാനങ്ങളിലേക്ക് മാറ്റേണ്ടിയിരിക്കുന്നു. കൃഷി നിലങ്ങളില്‍ നിന്ന് ശേഖരിക്കുന്നവര്‍ അവ മൊത്ത വിതരണ കേന്ദ്രത്തില്‍ എത്തിക്കുന്നത് വരെ രോഗാണു ബാധ ഏല്‍ക്കാതെ കൈകാര്യം ചെയ്യുന്നുണ്ടോ എന്നും ഉറപ്പു വരുത്തിയെങ്കില്‍ മാത്രമേ മലയാളിയുടെ തീന്‍മേശ രോഗാണു മുക്തമാവുകയുള്ളു. വൃത്തിഹീനമായ തെരുവില്‍ ചാണകവും മൂത്രവും ഓട വെള്ളവും നിറഞ്ഞ സ്ഥലത്തു വെച്ച് രാത്രിയുടെ മറവില്‍ നടക്കുന്ന പച്ചക്കറി വ്യാപാരം നല്ല സ്ഥലത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സത്വര ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.ഉപയോഗിക്കുമ്പോള്‍ ധാരാളം സമയം വെള്ളത്തിലും മറ്റും കഴുകണം എന്ന് പറയുന്നത് അതിലെ കീടനാശിനിയുടെ ശക്തി കുറയ്ക്കാന്‍ വേണ്ടിയാണ്. എന്നാല്‍ വിപണന കേന്ദ്രങ്ങളില്‍ നിന്നുള്ള ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എന്താണ് പരിഹാര മാര്‍ഗ്ഗം എന്നു നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ കാര്യങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തും.
സ്ത്രീയുടെ പിന്നില്‍ തെരുവ് നായ്ക്കള്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് ചിത്രത്തില്‍ തന്നെ കാണാം…….
ഈ വ്യാപാരികളില്‍ പലരും തെരുവില്‍ ജീവിക്കുന്നവര്‍ തന്നെയാണ്. മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നും കേടുകാരണം ഒഴിവാക്കുന്നവയും ഒക്കെയാണ് ഇവരുടെ വില്‍പ്പന വസ്തു………
ഫുട്പാത്തിനു മുകളിലെ വഴിവാണിഭം…ഓടയുടെ മുകളില്‍ പേരിനൊരു പ്ലാസ്റ്റിക് ഷീറ്റു വിരിച്ചാണ് വ്യാപാരം.ലൈസന്‍സും മറ്റ് ആരോഗ്യ സ്ഥാപനങ്ങളുടെ അംഗീകാരവും ആവശ്യമില്ല…….
കേരളത്തിലെ തെരുവ് വിപണി.. നാലു തക്കാളിപ്പെട്ടിയോ,പലകയോ നിരത്തി വെച്ച് ആര്‍ക്കും എന്തും വില്‍ക്കാം…………………………………………
കര്‍ണ്ണാടകയിലെ മൊത്ത വിതരണ കേന്ദ്രം……………………………………
ഊട്ടിയിലെ കാരറ്റ് ശുചീകരണ ശാല… വൃത്തിഹീനമായ വെള്ളവും പരിസരവുമാണ് ഇവിടെ….
0 Comments