കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18.5 ശതമാനത്തിന്റെ വര്‍ധന

കൊണ്ടോട്ടി: പരിമിതികള്‍ക്കിടയിലും ചിറകടിച്ച് പറന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോ കയറ്റുമതിയിലും വന്‍വര്‍ധന. 2017-18 സാമ്പത്തിക വര്‍ഷം 226.54 ലക്ഷത്തിന്റെ വരുമാനമാണ് കരിപ്പൂരിലുണ്ടായത്. തൊട്ടുമുന്‍പുള്ള വര്‍ഷമിത് 133.62 ലക്ഷം മാത്രമായിരുന്നു. 92.92 കോടി രൂപയുടെ അധിക വരുമാനമാണ് കരിപ്പൂരിന് കഴിഞ്ഞ വര്‍ഷം മാത്രമുണ്ടായത്.
ചെറിയ വിമാനങ്ങള്‍ക്ക് മാത്രം അനുമതിയുള്ള കരിപ്പൂരില്‍ നിലവിലുളള സര്‍വിസുകള്‍ വര്‍ധിപ്പിച്ചതും പുതിയ വിമാനങ്ങള്‍ സര്‍വിസിനെത്തിച്ചതുമാണ് നേട്ടമുണ്ടാക്കാനായത്. ഇതിനു പുറമെ വിമാനങ്ങളുടെ ലാന്റിങ് നിരക്കും കെട്ടിടങ്ങളുടെ വാടക നിരക്കും വര്‍ധിപ്പിച്ചതും വരുമാനം വര്‍ധിക്കാനിടയായി. വരുംവര്‍ഷം 162 കോടിയുടെ അധിക നേട്ടമാണ് കരിപ്പൂരില്‍ പ്രതീക്ഷിക്കുന്നതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു.

യാത്രക്കാരുടെ എണ്ണത്തില്‍ 18.5 ശതമാനത്തിന്റെ വര്‍ധനവാണ് കരിപ്പൂരിലുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26,28,000 അന്താരാഷ്ട്ര യാത്രക്കാരും,5,13,700 ആഭ്യന്തര യാത്രക്കാരും ഉള്‍പ്പടെ 31,41,700 യാത്രക്കാരാണ് കരിപ്പൂര്‍ വഴി യാത്രയായത്. 2016-17 വര്‍ഷം 22,11,108 അന്താരാഷ്ട്ര യാത്രക്കാരും 4,39,980 ആഭ്യന്തര യാത്രക്കാരും ഉള്‍പ്പടെ 26,51,088 യാത്രക്കാര്‍ മാത്രമായിരുന്നു സഞ്ചരിച്ചത്. യാത്രക്കാരുടെ എണ്ണത്തില്‍ 4,90,612 പേരുടെ വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്.

കാര്‍ഗോ കയറ്റുമതിയില്‍ 35 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 17,900 മെട്രിക് ടണ്‍ ചരക്കുകള്‍ വിദേശ രാജ്യങ്ങളിലേക്കും 900 മെട്രിക്ടണ്‍ ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരമേഖലയിലേക്കും അടക്കം 18,800 മെട്രിക് ടണ്‍ ആണ് കഴിഞ്ഞ വര്‍ഷം കയറ്റി അയച്ചത്.
2016-17 വര്‍ഷത്തില്‍ വിദേശത്തേക്ക് 13,220 മെട്രിക് ടണ്ണും ആഭ്യന്തര മേഖലയിലേക്ക് 700 മെട്രിക് ടണ്ണും ഉള്‍പ്പടെ 13,920 മെട്രിക് ടണ്‍ ആണ് ആകെ കയറ്റി അയച്ചത്.

വിമാനത്താവളത്തിലെ റിസ നിര്‍മാണവും 120 കോടിയുടെ ആഭ്യന്തര ടെര്‍മിനലും ഈ വര്‍ഷം പൂര്‍ത്തിയാകും. ഇടത്തരം വിമാനങ്ങളുടെ സര്‍വിസും അടുത്തുതന്നെ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയാണുള്ളത്. ഇത് വഴി വരുമാനം ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ടെര്‍മിനല്‍ അടുത്തമാസവും റിസ ജൂണിലുമാണ് പൂര്‍ത്തിയാവുക. ഇടത്തരം വിമാനങ്ങള്‍ക്കുള്ള സര്‍വിസിന് ഡി.ജി.സി.എയില്‍ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് വിമാനത്താവള അധികൃതര്‍. കരിപ്പൂരില്‍ 2015 മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തലാക്കിയതാണ് വരുമാനത്തില്‍ കാര്യമായ ഇടിവേല്‍ക്കാന്‍ കാരണം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar