ഇന്ത്യക്കാരുടേതടക്കം 8.7 കോടി ആൾക്കാരുടെ വിവരങ്ങൾ ഫേസ് ബുക്കിൽനിന്നു ചോർന്നു.
സാൻഫ്രാൻസിസ്കോ / ന്യൂഡൽഹി: 5.62 ലക്ഷം ഇന്ത്യക്കാരുടേതടക്കം 8.7 കോടി ആൾക്കാരുടെ വിവരങ്ങൾ ഫേസ് ബുക്കിൽനിന്നു ചോർന്നു. കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം നടത്തിയ വിവരംചോർത്തലിന്റെ വലുപ്പം വളരെ കൂടുതലാണെന്നു ഫേസ്ബുക്ക് തന്നെയാണു വെളിപ്പെടുത്തിയത്. ആദ്യം കണക്കാക്കിയത് അഞ്ചുകോടി പേരുടെ വിവരങ്ങൾ ചോർന്നെന്നാണ്.
ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സുക്കർ ബർഗ്, ചീഫ് ടെക്നോളജി ഓഫീസർ മൈക്ക് ഷ്റോഫർ എന്നിവർ ഓഹരി വിശകലനക്കാരുമായി പുതിയ വിവരങ്ങൾ പങ്കുവച്ചു. കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരുന്നതായി സുക്കർ ബർഗ് സമ്മതിച്ചു.
ചോർത്തൽ വിവരം പുറത്തുവന്ന ശേഷം ഫേസ്ബുക്ക് ഉപയോഗത്തിലോ പരസ്യവരുമാനത്തിലോ ഗണ്യ മായ മാറ്റമൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ ഫേസ്ബുക്ക് ഓഹരികൾക്കു നാലുശതമാനം വില വർധിച്ചു. വിവാദത്തത്തുടർന്ന് വില 16 ശതമാനം ഇടിഞ്ഞതാണ്. അതുവഴി നിക്ഷേപകർക്ക് 8,000 കോടി ഡോളർ (5.2 ലക്ഷം കോടി രൂപ) നഷ്ടം വന്നു.ഡോ. അലക്സാണ്ടർ കോഗൻ എന്നയാളുടെ മൈഡിജിറ്റൽ ലൈഫ് എന്ന ആപ് വഴിയാണു വ്യക്തിഗത വിവരങ്ങൾ ചോർത്തിയത്.
ഇന്ത്യയിൽ 335 പേർ ഈ ആപ് ഇൻസ്റ്റാൾ ചെയ്തു. എന്നാൽ, അവരുടെ സുഹൃത്തുക്കളായ 5,62,120 പേരുടെ വിവരങ്ങൾകൂടി ആപ് പിടിച്ചെടുത്തു. ഫേസ് ബുക്കിന് ഇന്ത്യയിൽ 20 കോടി ഉപയോക്താക്കളുണ്ട്.
ഫേസ്ബുക്ക് വിവരചോർച്ചയിൽ നടപടി സ്വീകരിക്കുന്നതിനെപ്പറ്റി കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല. കേംബ്രിജ് അനലിറ്റിക്കയ്ക്കു നല്കിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടാകാം തീരുമാനമെന്നാണു ഗവൺമെന്റ് പറയുന്നത്.
ആഗോളതലത്തിൽ കോഗന്റെ ആപ് 2,70,000 പേരാണ് ഡൗൺലോഡ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളടക്കമാണ് 8.7 കോടി പേരുടെ വിവരം ചോർത്തൽ. വിവരം ചോർത്തപ്പെട്ടവരിൽ ഭൂരിപക്ഷം അമേരിക്കക്കാരാണ്.
0 Comments