ഹനാന്‍ ഇനിയും തമ്മനത്തു തെരുവില്‍ മീന്‍ വില്‍ക്കേണ്ടതുണ്ടോ.

………….:അമ്മാര്‍ കിഴുപറമ്പ് :……………….
ഉപജീവനത്തിന്നായി മീന്‍ വില്‍പ്പന തിരഞ്ഞെടുത്ത ഹനാന്‍ ഇനിയും മീന്‍ വില്‍ക്കേണ്ടതുണ്ടോ.സമൂഹ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് വിവാദ നായികയാക്കിയ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ഇന്നലെ പി.ജെ ജോസഫ് എം എല്‍എയും,കൊച്ചി മേയര്‍ സൗമിനി ജെയിനും കോളേജില്‍ ചെന്നു കണ്ടിരുന്നു.അവര്‍ അവള്‍ക്കു നല്‍കിയ പ്രധാന വാഗ്ദാനം തമ്മനത്തു കൊച്ചി കോര്‍പ്പറേഷന്‍ വക മീന്‍ വില്‍പ്പന നടത്താന്‍ സ്റ്റാള്‍ (കിയോസ്‌ക്ക്) അനുവദിക്കുമെന്നാണ്. ചെറിയ കച്ചവടം വിപുലീകരിക്കാന്‍ എല്ലാ സഹായവും കോര്‍പ്പറേഷന്‍ ചെയ്യുമത്രെ. ജീവിത വഴിയില്‍ കാലിടറാതിരിക്കാന്‍ ഒരു പാവം പെണ്‍കുട്ടി അവസാനം തിരഞ്ഞെടുത്ത മാര്‍ഗ്ഗമാണ് മത്സ്യ വ്യാപാരം. അതവളുടെ പാഷനും കുലത്തൊഴിലുമൊന്നുമല്ല. എന്നിട്ടും, അവളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടവര്‍ അഭിമാനത്തോടെ പറയുന്നു അവളെ തെരുവില്‍ തന്നെ നിര്‍ത്തുമെന്ന്. പഠിക്കാനുള്ള ഫീസിനും കുടുംബത്തെ നോക്കാനുള്ള വരുമാന മാര്‍ഗ്ഗത്തിനും ഒരു കൗമാരക്കാരിയെ തെരുവില്‍ മീന്‍ വില്‍ക്കാന്‍ നിര്‍ത്തുമെന്ന് പത്രക്കാരെയും ചാനലുകാരെയും ചുറ്റിലും കൂട്ടി രണ്ട് ജനപ്രതിനിധികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതില്‍പ്പരം നാണക്കേട് മറ്റെന്താണുള്ളത്. ഒരു പെണ്‍കുട്ടി കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടിയോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും സഹായത്തോടെ മത്സ്യ മാര്‍ക്കെറ്റില്‍ ചെന്നു മീന്‍ ശേഖരിച്ച് തമ്മനത്തു വില്‍ക്കുക എന്ന പ്രയാസത്തെക്കുറിച്ച് നാം മറന്നു പോവുന്നു. നാം അവളുടെ പ്രയാസത്തെ ലഘൂകരിക്കാനുള്ള നടപടിയല്ലെ സ്വീകരിക്കേണ്ടത്. അതോ അവളെ പഴയ പടി ദുരിതത്തിലേക്ക് തന്നെ തള്ളിയിടുകയോ.
ഇന്നു മുഖ്യ മന്ത്രിയുമായി ഹനാന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ഞാന്‍ കേരളസര്‍ക്കാറിന്റെ മകളാണെന്നാണ് ഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തനിക്ക് വേണ്ട എല്ലാ സഹായങ്ങളും സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്നും ഹനാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഹനാന്‍.
ഒരു മകള്‍ എന്ന രീതിയില്‍ എപ്പോഴും ആഗ്രഹിക്കുക അച്ഛന്റെയും അമ്മയുടേയും സംരക്ഷണമാണ്. ആ സംരക്ഷണം എനിക്ക് എന്നും ഉണ്ട്. വളരെ ധൈര്യത്തോടെയാണ് നില്‍ക്കുന്നത്. നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. ഒരാള്‍ക്കു പോലും എന്നെ കൈവയ്ക്കാനാകില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ പതിക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്, ഹനാന്‍ പറഞ്ഞു.തന്നെ ആക്രമിച്ചവര്‍ക്കെതിരേയുള്ള നടപടി ശക്തമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ഹനാന്‍ പറയുന്നു.
സത്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പറയേണ്ടത് ഹനാന്‍ കേരളത്തിന്റെ മകളാണെന്ന്. അവളെ കേരളം ദത്തുപുത്രിയായി ഏറ്റെടുക്കുന്നു എന്നും അവള്‍ ഇനി ജീവിക്കാന്‍ വേണ്ടി തമ്മനത്തെ തെരുവില്‍ മീന്‍ വില്‍ക്കില്ല എന്നും പറയേണ്ടിയിരുന്നില്ലേ. അപ്പോഴല്ലെ അവള്‍ക്ക് അഭയവും കരുത്തും കരുതലും തണലുമായി ഒരു ദേശവും ഭരണകൂടവും ഉണ്ടെന്ന് ബോധ്യം വരിക. അവളെ പഴയ ദുരിതങ്ങളിലേക്ക് വീണ്ടും പറഞ്ഞയക്കുമ്പോള്‍ നാം മലയാളികള്‍ ശരിക്കും നാണിച്ചു തലതാഴ്‌ത്തേണ്ടതില്ലെ. അവള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാനും മറ്റുള്ളവര്‍ വെച്ചു നീട്ടുന്ന സഹായത്തില്‍ താല്‍പ്പര്യവുമില്ല എന്നത് അവളുടെ അഭിമാനബോധം. ആ അഭിമാന ബോധം നേരെ മറിച്ച് നമുക്കും വേണ്ടേ. ജീവിക്കാന്‍, ഉമ്മയെയും സഹോദരനേയും നോക്കാന്‍, പഠിക്കാന്‍ ഉള്ള വരുമാനം തേടി തമ്മനത്തെ തെരുവില്‍ പതിനെട്ടുകാരി പെണ്‍കുട്ടി മീന്‍ വില്‍ക്കേണ്ടതുണ്ടോ കേരളത്തില്‍. ഇനി അതല്ല കൊച്ചി കോര്‍പ്പറേഷന്‍ മേയറും എം എല്‍ എയും കരുതിയ പോലെ ഹനാന്‍ മീന്‍ വിറ്റില്ലെങ്കില്‍ കൊച്ചിക്കാര്‍ മത്സ്യക്കറി കൂട്ടില്ലെന്നുണ്ടോ. അവള്‍ നന്നായി പാടും, ആങ്കറിംഗ് നടത്തും,ഡബ്ബിംഗ് ചെയ്യും, കഥയും കവിതയും എഴുതും,ട്യൂഷനെടുക്കും,അഭിനയിക്കും ഇപ്പറഞ്ഞവയില്‍ ഏതെങ്കിലുമൊന്നില്‍ പാര്‍ട് ടൈം ജോലികൊടുക്കാന്‍ സര്‍ക്കാറിനും സന്നദ്ധ സംഘടനകള്‍ക്കും കഴിയില്ലെ. വീട് വെക്കാന്‍ സ്ഥലം നല്‍കാനും വീടുണ്ടാക്കി കൊടുക്കാനും ചിലര്‍ മുന്നോട്ട് വന്നില്ലെ. അതുപോലെ സര്‍ക്കാര്‍ അവളുടെ വിദ്യാഭ്യാസ ചെലവും സംരക്ഷണവും ഏറ്റെടുക്കുക. അവള്‍ പഠിച്ചു മിടുക്കി ആവട്ടെ. അവളുടെ വിദ്യാഭ്യാസം അസ്ഹര്‍ കോളേജ് കമ്മിറ്റി ഏറ്റെടുക്കാന്‍ സന്നദ്ധമെങ്കില്‍ അവര്‍ മുന്നോട്ടു വരട്ടെ. അല്ലാതെ ഹനാന്‍ തമ്മനത്തു മീന്‍ വിറ്റു തന്നെ ജീവിക്കണമെന്ന നയം ശരിയല്ല. കൗമാരപ്രായക്കാരിയായ ഒരുപെണ്‍കുട്ടിയെ മീന്‍ വില്‍ക്കാന്‍ തെരുവില്‍ നിര്‍ത്തി നാം മലയാളിയെന്നു അഭിമാനം കൊള്ളുന്നത് എന്തിന്റെ പേരിലാണ്. ഹനാന്‍ നിന്റെ ജീവിത യാതനകളൊന്നും ഇവര്‍ക്കിന്നും ബോധ്യമായിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ നീന്നെ തമ്മനത്തെ മീന്‍ കടയില്‍ നിര്‍ത്തി കരിമീന്‍, പൂമീന്‍, മത്തി… മത്ത്യേ എന്നൊക്കെ വിളിപ്പിച്ചു ഇവര്‍ ആസ്വദിക്കില്ലായിരുന്നു. സ്വന്തം കാലില്‍ നിന്നു പഠിക്കുക എന്നത് ഏറെ അഭിമാനമുള്ളതാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതാണെന്നും അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവര്‍ക്ക് അത് മനസ്സിലാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിപ്പിലൂടെ ഐക്യപ്പെടുന്നുണ്ട്. ശരിയാണ് സാര്‍. മറ്റുള്ളവന്റെ മുന്നില്‍ കൈ നീട്ടുന്നതിലും മഹത്തരം തന്നെ തൊഴിലെടുത്ത് കാശുണ്ടാക്കി ജീവിക്കേുക എന്നത്. അതില്‍ തര്‍ക്കമില്ല. ഇവിടെ പതിനെട്ട് പിന്നിട്ട ഒരു പാവം പെണ്‍കുട്ടിയാണ് സാര്‍ തെരുവില്‍ മീന്‍ വില്‍ക്കുന്നത്. മത്സ്യ വില്‍പ്പന മോശം തൊഴിലല്ല. അവള്‍ അത് തിരഞ്ഞെടുത്തത് ചെറിയ മുതല്‍ മുടക്കില്‍ വലിയ ലാഭം എന്ന ഒരൊറ്റ കാരണത്താലാണ്. അത് കൊണ്ട് ഹനാന് സുരക്ഷിതമായ ഒരു തൊഴില്‍ നല്‍കുക. അവള്‍ പഠിക്കട്ടെ. ഹനാന്‍ നിന്നെപോലെ ഒരുപാട് കുട്ടികള്‍ ശൈശവത്തിലെ ജീവിത പരീക്ഷണങ്ങള്‍ക്കുമുന്നില്‍ പതറി നില്‍പ്പുണ്ട്. നിന്റെ ജീവിതം അവര്‍ക്ക് ആവേശവും ആശ്വാസവുമാണ്.
9447741931
0 Comments