അസീസ് മണമ്മലിന് പുരസ്‌ക്കാരം

ദുബൈ: യുഎഇ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ കീഴിലുള്ള ജി.ഡി.ആര്‍.എഫ്.എ ദുബൈയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം നേടിയവരില്‍ മലയാളിയും. മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശി അസീസ് മണമ്മലാണ് പുരസ്‌കരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ജി.ഡി.ആര്‍.എഫ്.എ ദുബൈയുടെ മാധ്യമ പുരസ്‌കാര വിജയികളിലെ ഏക ഇന്ത്യന്‍ സാന്നിധ്യം കൂടിയാണ് ഈ മുപ്പത്തിയഞ്ചുകാരന്‍. പന്ത്രണ്ട് വര്‍ഷമായി ദുബൈ എമിഗ്രേഷന്‍ ജീവനക്കാരനായ അസീസ്, വാര്‍ത്തകളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് എത്തിച്ചുകൊണ്ടുള്ള സ്തുത്യര്‍ഹ സേവനത്തിനാണ് പുരസ്‌കാര വിജയിയായത്. മുമ്പ് രണ്ടു തവണ എമിഗ്രേഷന്റെ ഏറ്റവും മികച്ച ജീവനക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കപ്പുറത്ത് കലാ, സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമാണ് അസീസ് മണമ്മല്‍. കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട് തുടങ്ങി വിവിധ മാപ്പിള കലാശാഖകളില്‍ അവഗാഹമുള്ള ഇദ്ദേഹം കേരള ഫോക്ലോര്‍ അക്കാദമി, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവില്‍, ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചും കലാവേദികളില്‍ പരിശീലകന്‍, വിധികര്‍ത്താവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചും കലാരംഗത്തെ സേവനങ്ങള്‍ അസീസ് തുടരുന്നു. കോല്‍ക്കളി രംഗത്ത് ഗവേഷണാത്മകമായ പഠനങ്ങള്‍ക്കും ഇദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, തുടര്‍ച്ചയായ പതിനെട്ട് വര്‍ഷം കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ എടരിക്കോട് പി.കെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീമിന്റെ അവിഭാജ്യഘടകമെന്ന നിലയില്‍ നാട്ടിലും മറുനാട്ടിലും ശ്രദ്ധേയനാണ് അസീസ് മണമ്മല്‍. വിദ്യാര്‍ത്ഥിയെന്ന നിലയിലും പരിശീലകനെന്ന നിലയിലും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടാന്‍ അസീസിന്റെ ടീമിന് സാധിച്ചിരുന്നു. പ്രവാസ ജീവിതം നയിക്കുന്ന തന്റെ കോല്‍ക്കളി ടീമംഗങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ദുബൈയിലും ഈ കലയെ സജീവമാക്കി നിര്‍ത്താന്‍ ഇദ്ദേഹം പ്രത്യേകം ശ്രദ്ധവെക്കുന്നു.
പരേതനായ മുഹമ്മദ് ബാവ മണമ്മലിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ ഹസനത്ത്. മക്കള്‍ – മിസ്ഹബ്, ശിഫ ഫാത്തിമ.
0 Comments