കരിപ്പൂര്‍ വിമാന അപകടം-വക്കാലത്തിന്നായി വക്കീലന്മാര്‍ വലവീശുന്നു.

അമ്മാര്‍ കിഴുപറമ്പ്….

കോഴിക്കോട്. കഴിഞ്ഞ മാസം കരിപ്പൂരിലുണ്ടായ വിമാനാപകട ഇരകളെത്തേടി വക്കീലന്മാര്‍ മത്സര ഓട്ടം തുടങ്ങി. കോഴിക്കോട്,കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള വക്കീലന്മാരാണ് വക്കാലത്തിന്നായി വീടുകള്‍കയറി ഇറങ്ങുന്നത്. ഡല്‍ഹി ,മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള വക്കീലന്മാരുടെ ഏജന്റുമാരും മത്സര രംഗത്തുണ്ട്. മുന്‍കാലങ്ങളില്‍ നടന്ന വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി രംഗത്തുണ്ടായിരുന്നവരുടെ പ്രാഗത്ഭ്യം വ്യക്തമാക്കുന്ന ബ്രോഷറുകളും അനുബന്ധ രേഖകളുമായാണ് പലരും ക്യാന്‍വാസിംഗ് നടത്തുന്നത്.
2010 ല്‍ നടന്ന മംഗലാപുരം അപകടത്തിന്റെ നഷ്ടപരിഹാരത്തുക ഇന്നും മാന്യമായി പലര്‍ക്കും ലഭിച്ചിട്ടില്ല എന്നതിനാല്‍ തന്നെ ഇപ്പോഴത്തെ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ വളരെ ആലോചിച്ച ശേഷമേ തീരുമാനം കൈകൊള്ളുകയുള്ളു എന്ന നിലപാടിലാണ് പലരം. മോണ്ടേല്‍ കണ്‍വെന്‍ഷന്‍ കരാര്‍ നിയമപ്രകാരമാണ് ഇത്തരം വിമാനാപകട നഷ്ടപരിഹാര നടപടികള്‍ കൈക്കൊള്ളേണ്ടത്. ഈ നിയമപ്രകാരം മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ഏകദേശം ഒന്നരക്കോടിയോളം രൂപ വലിയ കോടതി വ്യവഹാരങ്ങളൊന്നും തന്നെ ഇല്ലാതെ ലഭിക്കും. എന്നാല്‍ മംഗലാപുരം അപകടത്തില്‍ ഇതുണ്ടായിട്ടില്ല. പലര്‍ക്കും നാമമാത്രമായ തുകയാണ് ലഭിച്ചത്. അതിനാല്‍ തന്നെ ഇപ്പോഴും ഉയര്‍ന്ന കോടതികളില്‍ കേസ് നടക്കുകയാണ്. പത്തുവര്‍ഷത്തിന്നിപ്പുറവും നീതി ലഭ്യമായില്ല എന്നതിനാല്‍ അത്തരമൊരു സ്ഥിതി ഈ വിഷയത്തില്‍ ഉണ്ടാവരുതെന്നാണ് കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരുടേയും മരണപ്പെട്ടവരുടെ ബന്ധുക്കളുടേയും നിലപാട്. എന്നാല്‍ അതത്‌ പ്രദേശത്തെ രാഷ്ട്രീയക്കാരേയും മന്ത്രിമാരേയും വരെ സ്വാധിനിച്ച് വക്കാലത്തിന്നായി ഇരകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. വക്കീലന്മാരുടെ സമ്മര്‍ദ്ദം വലിയ ശല്ല്യമായതോടെ പലരും കടുത്ത സമ്മര്‍ദ്ദത്തിലുമാണ്.
അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരുവിമാനാപകടം നടന്നാല്‍ അഞ്ചിടത്ത് നഷടപരിഹാര കേസ് ഫയല്‍ ചെയ്യാം.വിമാനം പുറപ്പെട്ട രാജ്യത്ത്.വിമാനം ലാന്റ് ചെയ്യുന്ന രാജ്യത്ത്, വിമാനക്കമ്പനി രജിസ്ട്രര്‍ ചെയ്ത രാജ്യത്ത്,വിമാനം നിര്‍മ്മിച്ച സ്ഥാപനം രജിസ്ട്രര്‍ ചെയ്ത രാജ്യത്ത്.യാത്രക്കാരന്റെ മാതൃരാജ്യത്ത് എന്നിവയാണ് അത്. നിലവിലെ ആഗോള മാനദണ്ഡപ്രകാരം ഇന്ത്യക്കാരന് ഏകദേശം ആറുകോടിയോളം രൂപയുടെ മൂല്യമുണ്ട്. എന്നാലിത് യൂറോപ്യന്‍ രാജ്യത്ത് അമ്പത് കോടിയോളം വരും. ഇതൊക്കെ പരിഗണിച്ചാണ് അപകട ഇന്‍ഷുറന്‍സ് നിര്‍ണ്ണയിക്കുക. അതുകൊണ്ട് തന്നെ ഇത്തരം കേസുകളില്‍ വിദേശരാജ്യങ്ങളിലെ കോടതികളില്‍ വലിയ പരിഗണന ഈ വിഷയത്തില്‍ ലഭി്ക്കും.മാത്രമല്ല,നമ്മുടെ കോടതി വ്യവഹാരങ്ങളുടെ കാലദൈര്‍ഘ്യമോ,പ്രയാസമോ ഒന്നും നേടിടേണ്ടതുമില്ല.ഇപ്പോള്‍ ഇരകളെ തേടി നടക്കുന്ന പലരും ഇത്തരം കേസുകള്‍ വാദിക്കുന്നതില്‍ മുന്‍കാല പരിചയം ഉള്ളവരുമല്ല.
അപകടം നടന്ന് ആഴ്ച്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ എസ്.എ. അബൂബക്കര്‍ പ്രസിഡണ്ടായുള്ള മലബാര്‍ ഡവലപ്‌മെന്റ് ഫോറം (KKD/C.A.457/16) എന്ന സംഘടന MDF പാസഞ്ചേര്‍സ് ഹെല്‍പ്പ് ഡസ്‌ക് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. യാത്രക്കാരുടെ ബാഗേജുകള്‍,യാത്രാരേഖള്‍ എന്നിവ കാലതാമസം കൂടാതെ എത്തിക്കാന്‍ വിമാനക്കമ്പനിയുമായി സഹകരിച്ച് ഏറെ സേവനങ്ങള്‍ ഹെല്‍പ് ഡെസ്‌ക്കിന് ചെയ്യാന്‍ കഴിഞ്ഞതായി എം ഡി എഫ് ഹെല്‍പ് ഡെസ്‌ക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒ.കെ മന്‍സൂര്‍ ബേപ്പൂര്‍ പറഞ്ഞു. ഏകദേശം മുഴുവന്‍ പാസഞ്ചേര്‍സും മരണപ്പെട്ടവരുടെ ബന്ധുക്കളും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. പരിക്കു പറ്റിയവരേയും മരണപ്പെട്ടവരുടെ ആശ്രിതരേയും പങ്കെടുപ്പിച്ച് MDF നടത്തിയ വെര്‍ച്ചല്‍ മീറ്റിംഗും ശ്രദ്ദേയമായിരുന്നു. പ്രശസ്ത മോട്ടിവേറ്ററും റൈസ് ഇന്റര്‍നാഷ്ണലിന്റെ ചെയര്‍മാനുമായ എ.സി.റജിലന്‍ മാനസികാരോഗ്യം കൈവരിക്കാന്‍ സഹായകമായ പ്രഭാഷണത്തിലൂടെ വെബിനാര്‍ ഉദ്ഘാടനം ചെയ്തു.
അപകടത്തില്‍പ്പെട്ട വിമാനം ദുബൈ നിന്നും പുറപ്പെട്ടതായതിനാല്‍ കേസ് അവിടെ നല്‍കുന്നതിനെക്കുറിച്ചാണ് ആക്ഷന്‍ഫോറം ആലോചിക്കുന്നത്. ഇതിന്നായി വിദഗ്ദ സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി എം ഡി എഫ് ഭാരവാഹികള്‍ പറഞ്ഞു. കാലതാമസം കൂടാതെ കേസ് വിധിയാവാനും മാന്യമായ നഷ്ടപരിഹാരം ലഭി്കാനും ഇതാണ് കൂടുതല്‍ ഉചിതമെന്നാണ് വിമാനാപകടത്തില്‍പെട്ടവരുടേയും മരണപ്പെട്ടവരുടെ ബന്ധുക്കളുടേയും താല്‍പ്പര്യം. എന്നാല്‍ ചില കടലാസ് സംഘടനകള്‍ വക്കീലന്മാര്‍ക്ക് വേണ്ടി അപകടത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രവര്‍ത്തനമാരംഭിച്ചതായും വിവരം ലഭിച്ചു. ഇന്ത്യയിലെ വക്കീലന്മാര്‍ നഷ്ടപരിഹാരത്തിന്റെ പത്തുമുതല്‍ ഇരുപത് ശതമാനം വരെയാണ് കമ്മീഷന്‍ വാങ്ങുന്നത്. എന്നാല്‍ വിദേശങ്ങളില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ കമ്മീഷന്‍ വാങ്ങുമെങ്കിലും ലഭിക്കുന്ന നഷ്ടപരിഹാരത്തുക വളരെ വലുതായിരിക്കും. പത്തുവര്‍ഷം പിന്നിട്ടിട്ടും മംഗലാപുരം നഷ്ടപരിഹാരം പൂര്‍ത്തിയായില്ലെന്ന വസ്തുത മുന്നില്‍ നില്‍ക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ കേസ് നടത്തണമെന്നാണ്‌ അപകടത്തില്‍പ്പെട്ടവരുടെ ആക്ഷന്‍ ഫോറത്തിന്റ തീരുമാനം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar