കുട്ടികളും രക്ഷിതാക്കളും പരാതിയിൽ നിന്നും പിൻമാറിയെങ്കിലും ചൈൽഡ് ലൈൻ പരാതി പിൻവലിച്ചില്ല.ആരോപിതന് ജവനൊടുക്കി.

ആലുവ: വിദ്യാർഥികളെ അശ്ലീല വിഡിയോ കാണിച്ചെന്ന കേസിൽ ഒന്നര മാസത്തിലേറെയായി ഒളിവിലായിരുന്ന മുൻ സ്കൂൾ പിടിഎ പ്രസിഡന്റിനെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറെ കടുങ്ങല്ലൂർ മന്ത്യേത്ത് വീട്ടിൽ അജിത്ത് കുമാറി(55)നെയാണ് അത്താണി സാഗർ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോക്സോ കോടതിയും സെഷൻസ് കോടതിയും മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് ഇന്നലെ രാവിലെ ഒമ്പതിന് ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ ഹാജരാകാമെന്ന് ചില പൊതുപ്രവർത്തകർ മുഖേന ഉറപ്പു നൽകിയിരുന്നു. സെപ്റ്റംബറിൽ മദ്യം കഴിച്ച വിദ്യാർഥികൾക്ക് കൗൺസിലിങ്ങിനെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരാണ് ഇയാൾ അശ്ലീല ചിത്രം കാണിച്ച വിവരം കുട്ടികളിൽ നിന്നും അറിഞ്ഞത്.
അജിത്തിന്റെ ഓഫ് ആയിരുന്ന ഫോൺ ഓൺ ചെയ്തപ്പോൾ അശ്ലീല ചിത്രം തെളിഞ്ഞുവെന്നാണു കുട്ടികൾ അറിയിച്ചത്. അതു ബോധപൂർവം എന്നാണ് ചൈൽഡ് ലൈൻ നിലപാട്. ചൈൽഡ് ലൈൻ പ്രവർത്തകർ ബിനാനിപുരം പൊലീസിൽ പരാതി നൽകിയതോടെ അജിത്ത് ഒളിവിൽ പോയി. പോക്സോ, സെഷൻസ് കോടതികൾ ജാമ്യഹർജി തള്ളിയതിനെ തുടർന്ന് ചൈൽഡ് ലൈനു മൊഴി നൽകിയ മൂന്നു പേരിൽ രണ്ടു പേർ അജിത്ത് കുറ്റം ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയെങ്കിലും ജാമ്യം ലഭിച്ചില്ല. മൊഴി നൽകിയ കുട്ടികളും രക്ഷിതാക്കളും ചൈൽഡ് ലൈൻ പ്രവർത്തകരുമായി നേരിൽ ബന്ധപ്പെട്ട് പരാതിയിൽ നിന്നും പിൻമാറിയെങ്കിലും ചൈൽഡ് ലൈൻ പരാതി പിൻവലിച്ചില്ല.
ഇന്നലെ രാവിലെ 8.30ന് തോട്ടക്കാട്ടുകരയിലെത്താനും അവിടെ നിന്ന് മകനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനുമായിരുന്നു തീരുമാനം. നിശ്ചിതസമയത്ത് മകൻ എത്തിയെങ്കിലും അജിത്ത് എത്തിയില്ല. ഫോൺ സ്വിച്ച് ഓഫുമായിരുന്നു. പിന്നീട് ഹോട്ടലിലെത്തി തിരക്കിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച വിവരമറിയുന്നത്. മൃതദേഹം ഇന്നു രാവിലെ ഒമ്പതിന് തോട്ടക്കാട്ടുകര എൻഎസ്എസ് ശ്മശാനത്തിൽ സംസ്കരിക്കും
0 Comments