ഉപയോഗിക്കുന്ന ഫോണിനും ഡ്യൂട്ടിയോ. കാലികറ്റ് എയര്‍പ്പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് വീണ്ടും ദുരിതമോ.


അമ്മാര്‍ കിഴുപറമ്പ്….
കരിപ്പൂര്‍ : ദുബായില്‍ നിന്നുമെത്തിയ യാത്രക്കാരനോട് അയാള്‍ ഉപയോഗിക്കുന്ന ഫോണിനും ഡ്യൂട്ടി ഈടാക്കിയതായി പരാതി. മലപ്പുറം കോഡൂര്‍ പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹിയും പൊതുപ്രവര്‍ത്തകനുമായ ശംസു പൊന്നത്തിനാണ് കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ ഇത്തരം ദുരനുഭവം ഉണ്ടായത്. ഒക്ടോബര്‍ 7നു കോഴിക്കോട് എയര്‍പ്പോട്ടില്‍ ഉണ്ടായ അനുഭവം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത് ഇപ്രകാരമാണ്.
ഞാന്‍ ഇന്നലെ 7102020 നു ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്ക് ഉള്ള എയര്‍ ഇന്‍ഡ്യയുടെ എയര്‍ബസ് ഫ്‌ലൈറ്റിലാണു വന്നത്. എന്റെ കയ്യില്‍ ഐഫോണിന്റെ ഒരു യൂസ്ഡ് ഫോണ്‍ ഉണ്ടായിരുന്നു. ചെക്ക് ചെയ്യുന്ന സമയത്ത് ഐഫോണ്‍ ഉള്ളവരുടെ എല്ലാം ഫോണ്‍ അവര്‍ വാങ്ങി വെച്ചു. കൂടെ പാസ്‌പോട്ടും.ബാഗേജ് ക്ലിയര്‍ ചെയ്തു പുറത്തിറങ്ങുമ്പോള്‍ താഴെ കസ്റ്റംസില്‍ ചെന്ന് വാങ്ങിച്ചൊ എന്നാണ് പറഞ്ഞത്. അവിടെ ചെന്ന് ചോദിച്ചപ്പൊ അവര്‍ പറഞ്ഞു അതിനു ഡ്യൂട്ടി കെട്ടണം എന്ന്. ഞാന്‍ അവരോട് കുറേ പറഞ്ഞു ഉപയോഗിക്കുന്ന ഫോണ്‍ ആണെന്ന്. പക്ഷെ, അതൊന്നും അവര്‍ ചെവികൊണ്ടില്ല. എല്ലാവരും ഉപയോഗിക്കാന്‍ തന്നെയാണു ഫോണ്‍ കൊണ്ടു വരുന്നത് എന്ന് പറഞ്ഞു എന്നോട് തട്ടിക്കയറി. 50, 000 തിനു മുകളിലുള്ള എല്ലാതിനുംഡ്യൂട്ടി കെട്ടണം എന്ന് പറഞ്ഞു. അതൊരു യൂസ്ഡ് ഫോണ്‍ ആണു അത്രയൊന്നും അതിനു വിലയില്ല, ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍ ആണു എന്നൊക്കെ പറഞ്ഞപ്പൊ ആ ഫോണിനു അവര്‍ 15000 രൂപ വില നിശ്ചയിച്ചു. ആ 15, 000 തിന്റെ 38.5% മായ 5775 രൂപ അടക്കാന്‍ പറഞ്ഞു. അതടക്കാതെ പോവാന്‍ പറ്റില്ല എന്ന് പറഞ്ഞു. കയ്യില്‍ കാശില്ല പിന്നീട് വന്ന് അടച്ച് ഫോണ്‍ വാങ്ങിക്കോളാം എന്ന് പറഞ്ഞപ്പൊ, പിന്നീട് വന്ന് വാങ്ങിക്കുമ്പൊ ഇപ്പൊ തന്ന ഡ്യൂട്ടിയുടെ ഇരട്ടി എഴുതി തരും എന്ന് ഭീഷണിപ്പെടുത്തുകയാണ് ജീവനക്കാര്‍ ചെയ്തത്. അത് കൊണ്ട് ഇപ്പോള്‍ തന്നെ ക്യാഷ് അടച്ച് ഫോണ്‍ വാങ്ങാന്‍ പറഞ്ഞു.അവസാനം എന്നെ കൊണ്ട് പോവാന്‍ വന്ന ടാക്‌സിക്കാരന്റെ കയ്യില്‍ നിന്നും പണം വാങ്ങി അടച്ച ശേഷമാണു എന്നെ വിട്ടയച്ചത്.
യൂസ്ഡ് ഫോണിനു വരെ ഡ്യൂട്ടി പിടിച്ചു വാങ്ങുന്ന ഉദ്യോഗസ്ഥര്‍ കരിപ്പൂരിന് ചീത്തപ്പേര് ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. പുതിയ ഫോണ്‍ വാങ്ങി വരുന്നവര്‍ ആ ഫോണിന്റെ വിലയുടെ 38.5% ഡ്യൂട്ടി അടക്കേണ്ടി വരും അത് കൊണ്ട് ഡ്യൂട്ടി അടക്കാന്‍ കഴിയുമെങ്കില്‍ ഐഫോണുമായി വരിക .

ഗള്‍ഫില്‍ നിന്നും ഒന്നിലധികം ഐ ഫോണുമായി വരുന്നവരുണ്ടെന്നും അവരെ ഡ്യൂട്ടി അടപ്പിച്ചു വിടാറുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലക്ഷങ്ങള്‍ വിലവരുന്ന ഫോണ്‍ കയ്യില്‍ വെക്കുകയും അതിന്റെ ബോക്‌സ് ലഗേജില്‍ സൂക്ഷിക്കുകയും ചെയ്യുന്ന വിരുതന്മാര്‍ ടാക്‌സ് തട്ടിപ്പ് നടത്തുകയാണെന്നും അത്തരക്കാരെയാണ് പിഴ ചുമത്തി വിടുന്നതെന്നും അധികൃതര്‍ പറഞ്ഞു. സ്വര്‍ണ്ണ കടത്തിനേക്കാള്‍ ലാഭകരമാണ് ഐ ഫോണ്‍ നാട്ടിലെത്തിച്ച് വില്‍പ്പന നടത്തുന്നത്. ഗള്‍ഫില്‍ ഇത്തരം ഫോണുകള്‍ വന്‍ ഓഫറുകളില്‍ വിറ്റഴിക്കാറുണ്ട്. അങ്ങനെ സ്വന്തമാക്കുന്ന ഫോണ്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ യാത്രക്കാര്‍ വശം രണ്ടും മൂന്നും ഫോണുകള്‍ കൊടുത്തുവിടാറുണ്ട്. മൊബൈല്‍ ഫോണ്‍ കൊണ്ടുവരല്‍ അധികരിച്ചതോടെയാണ് ഇതിന്നു പിന്നില്‍ വന്‍ റാക്കറ്റു തന്നെ പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസിനു ബോധ്യപ്പെട്ടത്. അത്തരം കരിയര്‍മാര്‍ അടക്കമുള്ളവരെ നിയന്ത്രിക്കുക എന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് നിയമം കര്‍ശനമാക്കിയത്. എന്നാല്‍ ഇത് കസ്റ്റംസ് പകപോക്കല്‍ നടപടിയായും മറ്റും ചിത്രീകരിച്ചുകൊണ്ട് കസ്റ്റംസിനെതിരെ ജന വികാരം ഇളക്കിവിടുന്ന തരത്തില്‍ ചില കടലാസ് സംഘടനകളുടെ നേതാക്കള്‍ കരിപ്പൂര്‍ കസ്റ്റംസിനെതിരെ വീഡിയോ അടക്കം പ്രചരിപ്പിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരു നടത്തിയാലും നിയമപരമായി നേരിടുമെന്നും മുന്നറിയിപ്പ് നല്‍കി.

ഒരു പ്രവാസിക്ക് നിയമപരമായി കൊണ്ടുവരാവുന്നത്. 50,000 രൂപയുടെ സാധനങ്ങളാണ് . അതില്‍ തന്നെ ടെലിവിഷന്‍ ,ഫോണ്‍ എന്നിവ ഉള്‍പ്പെടില്ല. എന്നാലും നാലും അഞ്ചും ഫോണാണ് ഒരോ ലഗേജിലും ഉണ്ടാവുക. പുരുഷന് രണ്ടര പവനും സ്ത്രീക്ക് അഞ്ച് പവനുമാണ് സ്വര്‍ണ്ണം കൊണ്ടുവരാന്‍ പാടുള്ളത്. എന്നാല്‍ ചില സ്ത്രീകളുടെ കഴുത്തില്‍ പത്തും ഇരുപത്തഞ്ചും പവനാണ് ഉണ്ടാവാറുള്ളത്. മക്കളുടെ കൈവശം വേറെയും. ഇത്തരം കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും കണ്ണടക്കാറാണ് കസ്റ്റംസ് ചെയ്യാറുള്ളത്. അന്യനാട്ടില്‍പോയി കഷ്ട്ടപ്പെട്ടുണ്ടാക്കുന്നതല്ലേ എന്ന പരിഗണന. എന്നാല്‍ ആ പരിഗണന പോലും ചൂഷണ്ചെയ്യുന്നവരെയാണ് കസ്റ്റംസ് പലപ്പോഴും നിയമത്തിനു മുന്നില്‍ കൊണ്ടു വരാറുള്ളത്. അങ്ങനെ പിടിക്കപ്പെടുന്നവരെ വെള്ളപൂശാനുള്ള പ്രവാസി സ്‌നേഹക്കാരുടെ തരം താഴ്ന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി ഭാവിയില്‍ പ്രയാസം സൃഷ്ടിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. നാം കൊണ്ടുവരുന്ന ലഗേജില്‍ എന്ത് സാധനവും നിയമപ്രകാരം ഒന്നേ പാടുള്ളു. ഒന്നില്‍ കൂടുതല്‍ ആയാല്‍ ടാക്‌സ് ഈടാക്കാം നിയമപ്രകാരം. പക്ഷെ ഒരിക്കലും അത്തരം കടുത്ത തീരുമാനങ്ങള്‍ക്കൊന്നും കസ്റ്റംസ് ഒരിക്കലും മുതിരാറില്ല. എന്നാലും തെറ്റായ ചില കാര്യങ്ങളുടെ പിറകെ കൂടി കസ്റ്റംസിനെ താറടിച്ചുകാണിക്കാനുള്ള ചിലരുടെ ശ്രമം പ്രവാസികള്‍ക്കാകമാനം ദോഷം ചെയ്യും ഭാവിയില്‍. ഇപ്പോള്‍ കരിപ്പൂര്‍ കസ്റ്റംസിലുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.രാജി യാതൊരു കറപ്ഷനും കൂട്ടു നില്‍ക്കാത്ത മാന്യയായ ഉദ്യോഗസ്ഥയാണ്. നിയമം ലഘിക്കുന്നവരെ പിടികൂടുന്നതും തെറ്റായി ചിത്രീകരിക്കുക വഴി ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം തകര്‍ക്കാനെ കാര്യങ്ങള്‍ ഉപകരിക്കുകയുള്ളു. പ്രവാസി സമൂഹത്തിനോട് ഉദ്യോഗസ്ഥര്‍ക്കുള്ള അനുകൂല നിലപാട് ചൂഷണം ചെയ്യുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമ്പോള്‍ അവരെ സഹായിക്കാന്‍ പ്രവാസി പരിഗണന എന്ന ചീട്ടെടുക്കുന്നവര്‍ തെറ്റിനു കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. യാത്രക്കാര്‍ക്ക് എന്ത് പ്രയാസങ്ങള്‍ കസ്റ്റംസ് ഭാഗത്തു നിന്നും ഉണ്ടായാലും അപ്പോള്‍ തന്നെ എയര്‍പോര്‍ട്ടിലുള്ള കസ്റ്റംസ് ഒഫീസിലെത്തി പരാതി നല്‍കാവുന്നതാണ്. മാന്യമായ രീതിയില്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ പെരുമാറാറുള്ളത്. ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രവാസി എന്ന മറവില്‍ രക്ഷപ്പെടാനും പാടില്ല.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar