ദളിത് ഹാര്‍ത്താലും അയിത്തത്തിന്റെ രാഷ്ട്രീയവും
: ഇ.കെ.ദിനേശന്‍ :………………………………………………………………………………….
ഹര്‍ത്താലിലും തൊട്ടുകൂടായ്മയും രാഷ്ട്രീയ ജന്മിത്വവും നിഴലിക്കുന്നുവോ..ഹാര്‍ത്താല്‍ ഒരു സമര മാര്‍ഗ്ഗമാണ്. അതിന്റെ നേരും നെറിയും ഇനിയും നാം ചര്‍ച്ചചെയ്തു തീരുമാനിച്ചിട്ടില്ല എന്നിരിക്കെ, ദലിത് സമൂഹത്തിന്റെ വ്യക്തമായ അവകാശത്തെ മുന്‍നിര്‍ത്തിയുള്ള സമരമാര്‍ഗ്ഗത്തെപ്പോലും അടിച്ചമര്‍ത്തുന്നതിന്റെ രാഷ്ട്രീയം വിലയിരുത്തപ്പെടുകയാണ് ലേഖകന്‍…………………………………………………….
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ബന്ദും,പണിമുടക്കും, ഹാര്‍ത്താലും പുതുമയുള്ള കാര്യമല്ല. പഞ്ചായത്ത് വാര്‍ഡ് തലം മുതല്‍ സംസ്ഥാനാടിസ്ഥാനം വരെ വ്യാപിക്കപ്പെടാറുണ്ടത്. ഏതൊരു ഹര്‍ത്താലിന്റെയും പ്രഭവകേന്ദ്രം രാഷ്ട്രീയ മണ്ഡലങ്ങള്‍ തന്നെയാണ്. ചിലപ്പോള്‍ അത് സാമൂദായിക കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവാറുണ്ട്. അതാത് പാര്‍ട്ടി കേന്ദ്രങ്ങളിലാണ് ഹാര്‍ത്താല്‍ അതിന്റെ ശക്തി തെളിയിക്കാറ്. അത്തരമൊരിടത്ത് അശരണരായ രോഗികള്‍ക്ക് പോലും യാതൊരു പരിഗണനയും കിട്ടാറില്ല. അതിന്റെ ദുരിതങ്ങള്‍ ജനം അനുഭവിക്കുക എന്നത് മാത്രമാണ് ഇക്കാലമത്രയുമായുള്ള ഹാര്‍ത്താല്‍ അനുഭവം.
ഇത്രയും പറയേണ്ടി വന്നത് നാളെ (ഏപ്രില്‍ 9) നടത്താന്‍ തീരുമാനിച്ച ദളിത് ബഹുജന ഐക്യത്തോടെയുള്ള ഹാര്‍ത്താലിന്റെ രാഷ്ട്രീയ പ്രാധ്യാന്യത്തെ ചുണ്ടിക്കാണിക്കാനാണ്.
ഒന്‍പതാം തിയ്യതി നടക്കാന്‍ പോവുന്ന ഹാര്‍ത്താലിന് ഒട്ടനവധി രാഷ്ട്രീയ സവിശേഷതകള്‍ ഉണ്ട്. അതില്‍ ഒന്ന്,അത് മുന്നോട്ട് വെയ്ക്കുന്ന ആവശ്യമാണ്. പാട്ടിക ജാതി, ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെ ഭരണകൂട പിന്തുണയോടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, പൊതു നിരത്തുകളില്‍ നിരന്തരം ആവര്‍ത്തിക്കുന്ന ആള്‍ക്കുട്ട അക്രമങ്ങളും ചരിത്രത്തില്‍ ഇല്ലാത്ത വിധം വര്‍ദ്ധിക്കുമ്പോഴാണ് നീതിപീഠം വിവേചനപരമായ തീരുമാനം കൈക്കൊണ്ടത്. ഇതിനെതിരെയുള്ള പ്രതിരോധത്തില്‍ പതിനാലോളം ദളിത് സഹോദരങ്ങള്‍ മരണപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതൊക്കെ തരത്തിലാണ് ഇടപെട്ടത് എന്ന് നാം കണ്ടതാണ്. സത്യത്തില്‍ ദളിത് കേന്ദ്രീകൃത രാഷ്ട്രീയ മുന്നേറ്റത്തെ ഇന്ന് എല്ലാം വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും ഭയപ്പെടുന്നുണ്ട്. അതിന് കാരണം അവര്‍ കാലങ്ങളായി അരക്കിട്ട് ഉറപ്പിച്ച കോണ്‍ക്രിറ്റ് രാഷ്ട്രീയ ബോധത്തില്‍ വിള്ളല്‍ ഉണ്ടാക്കും എന്ന തിരിച്ചറിവാണ്. ഇത് ഏറെക്കുറെ ഇന്ത്യയിലെ വന്‍കിട അധികാര വര്‍ഗ്ഗങ്ങള്‍ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അത്‌ക്കൊണ്ടാണ് ദളിത് വിഷയങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അധികാര പാര്‍ട്ടികള്‍ ഇടപെടുന്നത്. ഈ തിരിച്ചറിവില്‍ നിന്നു വേണം നാളെത്തെ ഹാര്‍ത്തല്‍ അനുകൂല നിലപാടിനെ വായിച്ചെടുക്കേണ്ടത്.
1980കളില്‍ എസ്.എസ്.ടി അതിക്രമം തടയാനുള്ള നിയമം നിലവില്‍ വരുമ്പോള്‍ കേന്ദ്രത്തില്‍ ഭരണം നടത്തിയത് ബി,ജെ.പി. ആയിരുന്നില്ല. 1970കളില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ അരങ്ങേറിയ അതിക്രൂരമായ പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള സമാനതകളില്ലാത്ത അതിക്രമങ്ങളായിരുന്നു ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് നീതി പീഠത്തെ പ്രേരിപ്പിച്ചത്. ഇതിന് ശേഷം ഈ നിയമത്തിന്റെ ഗുണം അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടിയോ എന്നതിന് ഉത്തരം,നിയമം ഉണ്ടായിട്ടും എസ്.എസ്.ടി ദളിത് പീഡനങ്ങളും കൊലപാതകങ്ങളും തുടര്‍ന്നുക്കൊണ്ടിരിക്കുന്നു എന്നതാണ്. ഒടുവില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അത് നാല്‍പ്പത് ശതമാനം വര്‍ദ്ധിച്ചു എന്നതാണ് വസ്തുത. ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ വേണം ജൂഡീഷ്യറിയുടെ പുതിയ നിയമ ഭേദഗതിയെ വിലയിരുത്തേണ്ടത്. എന്ത് കൊണ്ടാണ് ചില വിഭാഗങ്ങളെ കേന്ദ്രീകരിച്ച് കൊണ്ട് മാത്രം ഭരണകൂടങ്ങളും വ്യവസ്ഥിതിയും ജനാധിപത്യവിരുദ്ധ നിലപാട് സ്വീകരിക്കുന്നു. ഈ നിലപാടിന് എന്ത് കൊണ്ട് രാഷ്ട്രീയേതരമായ പിന്തുണ ലഭിക്കുന്നു എന്നതിനെയൊക്കെ വസ്തുതാപരമായി പരിശോധിക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്.
ഏറ്റവും ലളിതമായി പറഞ്ഞാല്‍ നാളെ നടക്കാന്‍ പോവുന്ന ഹാര്‍ത്താലിനോട് സഹകരിക്കില്ല എന്ന ബസ്സ് അസോസിയേഷന്റെയും, ഹോട്ടല്‍ ഉടമകളുടെയും തീരുമാനം കേരളം വിശിഷ്യാ പുരോഗമന മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട്.. എന്ത് കൊണ്ട് കേരളത്തില്‍ ഇതിന് മുമ്പ് നടന്ന നൂറ് കണക്കിന് ഹാര്‍ത്താല്‍ കാലത്തൊന്നും നടക്കാത്ത ഇത്തരം തുറന്ന് പറച്ചില്‍ ഇപ്പോള്‍ സാധ്യമായി എന്നതാണ് പ്രധാനം, ഏത് ഈര്‍ക്കിള്‍ പാര്‍ട്ടി പ്രഖ്യാപിച്ചാലും ആ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ അണ്ണാക്കു തൊടാതെ വിഴുങ്ങുകയാണ് പതിവ്. വെറുതെ എന്തിനു നാമായിട്ട് കുഴപ്പം ഉണ്ടാക്കുന്നു എന്ന അഴകൊഴമ്പന്‍ മറുപടി പറഞ്ഞാണ് സ്ഥാപന ഉടമകളും വ്യാപാരി സംഘടനകളും സമരത്തില്‍ ഐക്യപ്പെടാറ്. എന്നാല്‍ ഈ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് ബസ്,ഹോട്ടല്‍ ജീവനക്കാരും മുതലാളിമാരും നയം വ്യക്തമാക്കുമ്പോള്‍ അതിലൊരു രാഷ്ട്രീയമുണ്ട്. കേരളത്തില്‍ തിടംവെച്ചുവരുന്ന വരേണ്യ വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന്റെ ഇടപെടലാണ് ഹാര്‍ത്താലിനെ അനുകൂലിച്ച് നടന്ന വിദ്യാര്‍ത്ഥി പ്രകടനത്തെ എന്ത് കൊണ്ട് പോലീസ് തടഞ്ഞു എന്നതിനുള്ള ഉത്തരം. ഇത്തരം വസ്തുതകളെ ആഴത്തില്‍ നാം പഠിക്കേണ്ടതുണ്ട്. ഒന്നാമതായി ഹാര്‍ത്താല്‍ നടത്തുന്നത് സംഘടിത രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം അടങ്ങുന്ന കോ ഓര്‍ഡിനേഷന്‍ ആണ് എന്നതാണ്. അതൊടൊപ്പം ആഴത്തില്‍ മനസ്സിലാക്കേണ്ട മറ്റൊന്ന് സംഘടിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശക്തിപ്പെട്ടു വരുന്ന ദളിത് ബഹുജന ഐക്യത്തോട് യോജിപ്പില്ല എന്നതാണ്. മാത്രമല്ല, ഈ വളര്‍ച്ചയെ തടഞ്ഞ് നിര്‍ത്തേണ്ടത് അവരുടെ ആവശ്യം കൂടിയാണ്. കാരണം ഇന്നുവരെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ അധികാര പാര്‍ട്ടികള്‍ അഭിസംബോധന ചെയ്തത് ജനാധിപത്യ അധികാരത്തിന് പുറത്ത് നിര്‍ത്തിയാണ്. അവര്‍, സ്വയം ശാക്തീകരിക്കപ്പെടുകയോ, ഭരണാധികാര പരിസരങ്ങളില്‍ എത്തുകയോ ചെയ്താല്‍ തകര്‍ന്നു വീഴുന്നത് ഏഴ് പതിറ്റാണ്ടായി തുടരുന്ന ജനാധിപത്യ വിരുദ്ധതയും അധികാര പാര്‍ട്ടികളുടെ ദളിത് വിരുദ്ധതയും ആയിരിക്കും. അത് കൊണ്ട് തന്നെ ഇവരുടെ ജനാധിപത്യ സംവാദ മണ്ഡലങ്ങളിലേക്കുള്ള ഏത് ചെറിയമുന്നേറ്റങ്ങളെയും അധികാര വര്‍ഗ്ഗം ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ഇത് പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല എന്നിടത്താണ് രണ്ട് പ്രബല തൊഴിലാളി സംഘടിത മേഖലകളായ ബസ്സ് അസോസിയേഷനും, ഹോട്ടല്‍ മേഖലകളും സധൈര്യം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതേ സമയം വിവിധ രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന ഹാര്‍ത്താല്‍ അനുകൂല നിലപാടുകള്‍ ശക്തിപ്പെടുവരുന്ന ദളിത് ബഹുജന ഐക്യത്തിന്റെ ശുഭ സുചനകള്‍ ആണ്.കേരളത്തില്‍ ശക്തിപ്രാപിക്കുന്ന ദലിത് മുന്നേറ്റങ്ങളെ പടിക്കുപുറത്ത് നിര്‍ത്തേണ്ടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവശ്യമാണ്. എന്നും തമ്പ്രാന്‍ പറയുന്നത് ഏറ്റുപറഞ്ഞു റാന്‍ മൂളാനുള്ള അണികളായി മാത്രം ദലിത് സമൂഹത്തെ കണ്ട,അവരെ അങ്ങിനെ മാത്രം വളര്‍ത്തിക്കൊണ്ടു വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഈ ഹര്‍ത്താല്‍ ഏത് നിലക്കും പരാചയപ്പെടണം എന്ന ചിന്ത ഉണ്ടാക്കി എന്നത് തന്നേയാണ് ഈ ഹര്‍ത്താലിന്റെ വിജയവും. തിരിച്ചറിവില്‍ നിന്നുണ്ടാവുന്ന ഐക്യവും പ്രതിരോധവുമാണ് സമൂഹ പുനരുദ്ധാരണത്തിനു വഴിതുറക്കുക. ഈ നിലക്ക് ദലിത് സമരം നല്‍കുന്നത് ശുഭ സൂചനയാണ്.
0 Comments