ഹജ്ജ് സമാധാനപരം.ഈ വര്‍ഷം 23,71,675 പേര്‍ ഹജ്ജ് നിര്‍വ്വഹിച്ചു.

മിന:യാതൊരു വിധ അസ്വാരസ്യങ്ങളുമില്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ പരിസമാപ്തിയിലേക്ക്. അറഫയില്‍ പാപമോചനം തേടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചും, മുസ്ദലിഫയിലെ കല്ലും പാറകളും നിറഞ്ഞ പരുക്കന്‍ തറയില്‍ ആകാശം കൂടാരമാക്കി ഒരു രാത്രി അന്തിയുറങ്ങിയും ഒടുവില്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞും പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് ഹാജിമാര്‍ മിന താഴ്‌വാരം വിട്ടിറങ്ങി. ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വ്വഹിച്ചവരുടെ കണക്കുകള്‍ ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്ക് പുറത്തു വിട്ടു. വിദേശികളും ആഭ്യന്തര തീര്‍ത്ഥാടകരുമടക്കം 23,71,675 പേരാണ് ഹജ്ജ് നിര്‍വ്വഹിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് 1,758,722 ഹാജിമാരും സഊദിക്കകത്തു നിന്നും 612.953 ഹാജിമാരുമാണ് ഈ വര്‍ഷത്തെ ഹജ്ജിനെത്തിയത്.
തിങ്കളാഴ്ചയിലെ അറഫ സമ്മേളനത്തിന് ശേഷം രാത്രി മുസ്ദലിഫയില്‍ രാപാര്‍ത്ത ഹാജിമാര്‍ മിനായിലേക്ക് മടങ്ങി ആദ്യത്തെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി. ജംറ പാലത്തിനു മുകളിലും താഴെയുമായി പാല്‍കടല്‍ പോലെ നിറഞ്ഞൊഴുകിയ ഹാജിമാര്‍ തിന്മയുടെ പ്രതീകമായ ജംറതുല്‍ അഖബയിലാണ് ചൊവ്വാഴ്ച്ച കല്ലെറിഞ്ഞത്. ഹജ്ജ് കര്‍മത്തില്‍ ഏറ്റവും തിരക്കേറിയതും അപകട സാധ്യതയേറിയതുമായിരുന്നു ബലി പെരുന്നാള്‍ ദിനത്തിലെ ഈ കര്‍മം. തിരക്കുകളും അനിഷ്ട സംഭവങ്ങളും ഇല്ലതെ ഇരിക്കാന്‍ വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കും ആഭ്യന്തര ഹാജിമാര്‍ക്കും പ്രത്യേക സമയ ക്രമങ്ങള്‍ അനുവദിച്ചു നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ എട്ടു മണിയോടെ തന്നെ കല്ലേറ് കര്‍മം നിര്‍വ്വഹിക്കാനായി മിനയില്‍ എത്തി. ചൊവ്വാഴ്ച ജംറയിലെ കല്ലേറിനു ശേഷം തല മുണ്ഡനം ചെയ്തു ഇഹ്‌റാമില്‍ നിന്നും മുക്തരായ ഹാജിമാര്‍ സാധാരണ വസ്ത്രം ധരിച്ചതോടെ പാല്‍കടല്‍ കണക്കെ നിന്ന മിനാ താഴ്‌വാരം വര്‍ണ്ണ വൈവിധ്യങ്ങളാല്‍ നിറഞ്ഞു. പിന്നീട് ഇവര്‍ മക്കയിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ് യും പൂര്‍ത്തിയാക്കി മിനായിലെ ടെന്റിലേക്ക് തന്നെ നീങ്ങി.
നാളെ മുതല്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മക്കയില്‍ തിരിച്ചെത്തി വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ തുടങ്ങി.. നേരത്തെ മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയില്‍ പോയി റൗളാ ശരീഫ് സന്ദര്‍ശനവും മറ്റു സിയാറത്തുകളും പൂര്‍ത്തീകരിച്ചാണ് നാട്ടിലേക്ക് മടങ്ങുക. ഏറ്റവും സുപ്രധാന കര്‍മ്മങ്ങളായ മിന താമസവും അറഫ സംഗമവും അപകടം നിറഞ്ഞ ആദ്യ ദിവസത്തെ കല്ലേറും സുഗമമായി പര്യവസാനിച്ചതിന്റെ ആശ്വാസത്തിലാണ് സഊദി ഭരണ കൂടവും ഹജ്ജ്, ഉംറ മന്ത്രാലയവും. പഴുതടച്ചുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമായിരുന്നു നടത്തിയിരുന്നത്.
0 Comments