ഹനാന്‍, അവളെ വെറുതെ വിടുക, അവള്‍ ജീവിച്ചോട്ടെ.
:……….അമ്മാര്‍ കിഴുപറമ്പ്…….:
സോഷ്യല്‍ മീഡിയ വാനോളം ഉയര്‍ത്തുകയും ഉയരത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയും ചെയ്ത ഹനാന്‍ എന്ന പെണ്‍കുട്ടി മനസ്സു തുറക്കുന്നു. മാതാപിതാക്കള്‍ പിരിഞ്ഞു കഴിയുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി വൈറ്റിലയില്‍ മീന്‍ കച്ചവടം ചെയ്യുന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. എന്നാല്‍ ഈ വാര്‍ത്ത ഒരു സിനിമയുടെ പരസ്യ പ്രമോ ആണെന്ന് വാര്‍ത്ത വന്നതോടെയാണ് സ്‌നേഹിച്ചവര്‍ തന്നെ അവള്‍ക്കെതിരെ തിരിഞ്ഞത്. ട്രോളും പരിഹാസവും അതിരു കടന്നപ്പോഴാണ് ഹനാന്‍ പഠിക്കുന്ന അല്‍ ഹസര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഡയരക്ടര്‍ ഡോ.പൈജാസ് രംഗത്തെത്തിയത്. പഠനത്തിനും ജീവിക്കാനും പണം കണ്ടെത്താന്‍ കോളജ് കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ മീന്‍ വില്‍പ്പന നടത്തുന്ന ഹനാന്‍ ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമയില്‍ അഭിനയിക്കും എന്ന വാര്‍ത്ത വന്നതോടെയാണ് കാര്യങ്ങളെല്ലാം തകിടംമറിഞ്ഞത്. പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ കഥ വാര്‍ത്തയായതോടെയാണ് ഹനാനെ തേടി സിനിമാ ഭാഗ്യമെത്തിയത്. പ്രണവിന്റെ രണ്ടാം ചലച്ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഹനാന് നിര്‍ണ്ണായകമായ ഒരു വേഷം നല്‍കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പ്രഖ്യാപിച്ചത്. പെണ്‍കുട്ടിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ അരുണ്‍ഗോപി അറിയുന്നത്.
ജീവിതത്തിലെ വെല്ലുവിളികളില്‍ വീണു പോകാതെ ഒറ്റയ്ക്കു പൊരുതി കരകയറാനുള്ള ശ്രമത്തിലായിരുന്നു കലാകാരിയായ തൃശൂര്‍ സ്വദേശിനി ഹനാന്‍. അമ്പരപ്പിക്കുന്നതാണ് ഹനാന്റെ ജീവിത കഥ. മാടവനയില്‍ വാടകവീട്ടിലാണ് ഹനാന്റെ താമസം. പുലര്‍ച്ചെ മൂന്നുമണിക്കാണ് ഹനാന്റെ ഒരുദിവസം തുടങ്ങുന്നതു. ഒരു മണിക്കൂര്‍ പഠനം. തുടര്‍ന്ന് കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കിവെച്ച് സൈക്കിളില്‍ താമസസ്ഥലത്തേക്ക് മടങ്ങും. 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ ഹസര്‍ കോളജിലേക്ക്. 9.30ന് അവിടെ മൂന്നാംവര്‍ഷ രസതന്ത്ര ക്ലാസില്‍ അവളെ കാണാം. മൂന്നരയ്ക്ക് കോളേജ് വിടും. നേരെ തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ വിറ്റു തീരും.സാമ്പത്തിക പരാധീനതയാല്‍ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.
ഇതിനിടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മ മാനസികമായി തകര്‍ന്നു. സഹോദരന്‍ പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.ഒരു മാസത്തോളം മീന്‍വില്‍പ്പനയ്ക്ക് രണ്ടുപേര്‍ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം മാനസികമായി തളര്‍ത്തിയപ്പോള്‍ കച്ചവടം ഒറ്റയ്ക്കായി.
ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളജ് ഫീസും വീട്ടുവാടകയും തൃശൂരില്‍ കഴിയുന്ന അമ്മയുടെ ആവശ്യങ്ങള്‍ക്കുള്ള ചെലവുമെല്ലാമാകുമ്പോള്‍ നല്ല തുകയാകും. പക്ഷേ, ഹനാന്റെ കഠിനാധ്വാനത്തിനുമുന്നില്‍ കടമ്പകള്‍ ഓരോന്ന് വഴിമാറുകയാണ്.ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ മുഖം കാണിച്ച ഹനാന്റെ പാഷനാണ് സിനിമ. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയിട്ടും തളരാതെ പൊരുതി നില്‍ക്കുന്ന ഹനാനെതിരെ സോഷ്യല്‍ മീഡിയ നടത്തുന്ന പൊങ്കാല ആ പെണ്‍കുട്ടിയെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. അവള്‍ എന്താണോ ആഗ്രഹിക്കുന്നത് ആ രീതിയിലുള്ള വിദ്യാഭ്യാസം അവള്‍ക്ക് സൗജന്യമായി നല്‍കാന്‍ അല്‍ ഹസര്‍ കോളേജ് കമ്മിറ്റി തീരുമാനിച്ചുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഹനാനെ കുറിച്ചു വന്ന വാര്‍ത്ത വൈറല്‍ ആയതോടെയാണ് പ്രണവിന്റെ രണ്ടാം ചലച്ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഹനാന് നിര്‍ണ്ണായകമായ ഒരു വേഷം നല്‍കാമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്നാണ് സംവ്വിധായകന്‍ അഭിനയമോഹം ഉള്ളിലൊതുക്കി ജീവിതവും പഠനവും മുന്നോട്ട് കൊണ്ടുപോവുന്ന ഹനാനെ കുറിച്ചറിഞ്ഞതും അവസരം കൊടുത്തതും. പക്ഷെ, സോഷ്യല്‍മീഡിയയിലെ ചില വിരുതന്മാര്‍ ഇത് സിനിമാ പരസ്യ പ്രചരണമാണെന്ന് പ്രചരിപ്പിച്ചതോടെയാണ് ലാളിച്ചവര്‍ തന്നെ കല്ലെറിയാന്‍ തുടങ്ങിയത്.ജീവിതത്തിന്റെ പ്രാരാബ്ദങ്ങളില്‍ വേദനിച്ചുകഴിയുന്ന പെണ്‍കുട്ടിയോട് സോഷ്യല്‍ മീഡിയ കാണിച്ചക്രൂരത വലിയ വേദന നിറഞ്ഞതാണ്. ചെറുപ്പത്തില്‍ തന്നെ ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി ജീവിതം കരുപ്പിടിപ്പിക്കുന്ന പെണ്‍കുട്ടിയെ വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിച്ചവര്‍ സത്യം തിരിച്ചറിയാതെ പോവരുത്. ഹനാന്‍ അവള്‍ ആരുടെ മുന്നിലും സഹായത്തിന്നായി കൈനീട്ടിയിട്ടില്ല.അവള്‍ക്കാവുന്ന തൊഴില്‍ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഫ്‌ളവര്‍ഗേളായും യുവവാണിയില്‍ ആര്‍ട്ടിസ്റ്റായുമെല്ലാമാണ് വരുമാനം കണ്ടെത്തിയത്. മലയാളിയെ വിഡ്ഡിയാക്കിയവള്‍ എന്ന പേരിലാണ് സത്യമറിയാതെ ഇപ്പോഴും സോഷ്യല്‍മീഡിയ പ്രചരണം അഴിച്ചുവിടുന്നത്. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുതെന്ന് യാചിക്കുന്ന ഹനാന്റെ വീഡിയോ ഇതിനകം വൈറലായെങ്കിലും ജനം അതും അവിശ്വസിച്ചു തള്ളുകയാണ്. മീന്‍കാരി പെണ്ണിന്റെ തള്ളല്‍ നാടകമായാണ് ഈ വീഡിയോയും ജനം കാണുന്നത്. കോളേജ് ഡയരക്ടറായ ഡോ.പൈജാസ് മൂസയുടെ നേതൃത്വത്തില്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോയില്‍ ഹനാനൊപ്പം കോളേജ് അദ്ധ്യാപകരും നിജസ്ഥിതി വ്യക്തമാക്കി രംഗത്തുണ്ട്.
Posted by Faisal Faizi on Wednesday, July 25, 2018
0 Comments