വിദേശ തൊഴിലാളികള്‍ക്ക് വൻ അവസരമൊരുക്കി ജപ്പാന്‍

ടോക്യോ: . മൂന്നു ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനായുള്ള പുതിയ നിയമം ജാപ്പൻ പാര്‍ലമെന്‍റ് അംഗീകരിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തിൽ വരും. കൃഷി, നഴ്‌സിങ്, നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് വിദേശികള്‍ക്ക് അവസരം ലഭിക്കുക. രാജ്യത്തെ തൊഴിലാളിക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാരിന്‍റെ ഈ നീക്കം.
രണ്ടുതരം വിസയാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് അനുവദിക്കുന്നത്. നൈപുണ്യം കുറഞ്ഞവരും ജാപ്പനീസ് ഭാഷ ഭേദപ്പെട്ട രീതിയിൽ അറിയാവുന്നതുമായ തൊഴിലാളികള്‍ക്കുള്ളതാണ് ആദ്യത്തേത്. അഞ്ച് വര്‍ഷം വരെയാണ് ഈ വിസയുടെ കാലാവധി. വിദഗ്ധ തൊഴിലാളികള്‍ക്കുള്ളതാണ് രണ്ടാമത്തേത്. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തിനു ശേഷം ജപ്പാനില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാനും അവസരമുണ്ട്.
കുടിയേറ്റം പരമ്പരാഗതമായി അനുവദിക്കാത്ത രാജ്യമാണ് ജപ്പാന്‍. എന്നാല്‍, തൊഴില്‍ ചെയ്യാനുള്ള യുവാക്കളുടെ എണ്ണം കുറയുന്നതും പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നതുമാണ് നയമാറ്റത്തിന് രാജ്യത്തെ പ്രേരിപ്പിച്ചത്. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ളതാണ് ഈ നിയമമെന്നാണ് ഇവരുടെ ആരോപണം.
0 Comments