അഭിമന്യൂവിന്‍റെ കൊലപാതകികളെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചു.
കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യൂവിന്‍റെ കൊലപാതകികളെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചു. അഭിമന്യുവിനെ അക്രമിച്ച ശേഷം പ്രതികൾ മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്. ഓട്ടൊറിക്ഷയിൽ മട്ടാഞ്ചേരി ചുളളിക്കലിൽ ചെന്നിറങ്ങിയ പ്രതികൾ എസ്‌ഡിപിഐ ഓഫിസിന് നേരെ നടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങളാണിപ്പോൾ പൊലീസിന് കിട്ടിയത്. സമീപത്തെ കടയുടെ സിസിടിവിയിൽ നിന്നാണ് ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചത്.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളെജിൽ പ്രവേശനോത്സവത്തിന്‍റെ ഭാഗമായി നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി പോസ്റ്റർ ഒട്ടിക്കുകയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. ഈ സമയത്താണ് മുഹമ്മദ് എന്ന ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ മഹാരാജാസ് കോളെജ് വിദ്യാർഥി ഒരു സംഘമാളുകളുമായി സ്ഥലത്തെത്തിയത്.പിന്നീട് കോളെജിനകത്ത് പ്രവേശിച്ച് പോസ്റ്റർ ഒട്ടിക്കാനായി ഇവരുടെ ശ്രമം. ഇത് തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരുമായി ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വാക്കേറ്റമുണ്ടായി. പിന്നീട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ വിളിച്ചതനുസരിച്ച് കൂടുതൽ പേർ സ്ഥലത്തെത്തി. ഇതോടെ വാക്കുതർക്കം കൈയാങ്കളിയിലാകുകയായിരുന്നു.
ഇതിനിടെ ക്യാംപസ് ഫ്രണ്ട് സംഘത്തിലെ ഒരാൾ കത്തിയെടുത്ത് വീശി. ഈ സമയത്ത് എസ്എഫ്ഐ പ്രവർത്തകർ ഭയന്ന് ചിതറിയോടി. പിന്നാലെ വന്ന സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിയത്. അർജുനെ പിന്നീട് കുത്തിപ്പരുക്കേൽപ്പിച്ചു. അഭിമന്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അർജുനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് അർജുൻ. ഇദ്ദേഹത്തിന്‍റെ വയറിനാണ് കുത്തേറ്റത്. കരളിൽ ആഴത്തിലുളള മുറിവുണ്ട്. ഇന്ന് പുലർച്ചെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം അർജുനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. സംഘർഷത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ എസ്എഫ്ഐ പ്രവർത്തകർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിരുന്നു.
അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍
കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ കൊലപാതകത്തിന് പിന്നില്‍ ഉന്നത തലത്തിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും വലിയ പുരോഗമന വിദ്യാർഥി പ്രസ്ഥാനമായി എസ്എഫ്ഐ വളര്‍ന്നുവന്നതില്‍ അസഹിഷ്ണുത പൂണ്ട വിധ്വംസക ശക്തികളാണ് ഈ ആക്രമണത്തിന് പിറകിലുള്ളത്. മുസ്‌ലിം ഭീകരവാദ സംഘടനയായ എസ്ഡിപിഐയില്‍പ്പെട്ടവരാണ് ഈ പാതകത്തിന് പിന്നിലുള്ളതെന്ന ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയാറാവണം.
മുപ്പത്തിമൂന്നാമത്തെ എസ് എഫ് ഐ പ്രവര്‍ത്തകനാണ് കേരളത്തില്‍ കൊല ചെയ്യപ്പെടുന്നത്. ചരിത്രപ്രസിദ്ധമായ മഹാരാജാസ് കോളെജില്‍, തീര്‍ത്തും ജനാധിപത്യപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന കലാലയത്തിനകത്തേക്ക് ഇരച്ചു കയറിയാണ് ആക്രമിസംഘം പൈശാചികമായ രീതിയില്‍ കൊലപാതകം നടത്തിയത്. എസ്എഫ്ഐയെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണിത്.
കഠാര രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാമെന്ന് വ്യാമോഹിക്കുന്ന ഈ ഭീകരവാദികളായ അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. അഭിമന്യുവിന്‍റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നു വരണമെന്നും കോടിയേരി പറഞ്ഞു.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണെമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ്
കോട്ടയം: മഹാരാജാസ് കോളേജിലെ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണെമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മഹാരാജാസില്‍ കാലങ്ങളായി സംഘര്‍ഷം നില നില്‍ക്കുന്നുണ്ട്. വിഷയത്തില്‍ രക്തസാക്ഷികളെ സൃഷ്ടിച്ച് മുതലെടുക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. അത്‌കൊണ്ട് തന്നെ പോലീസ് നിഷ്പക്ഷമായ അന്വേഷണത്തിന് തയ്യാറാവുകയും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും വേണം.
കോളേജില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചത് എസ്.എഫ്.ഐ ആണ് എന്നതിന്റെ തെളിവാണ് ചുമരെഴുത്ത് വികൃതമാക്കിയ നടപടി. കഴിഞ്ഞ യൂണിയന്‍ തെരെഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് മഹാരാജാസ് കോളേജില്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും അവയെ തകര്‍ക്കാനും എസ്എഫ്‌ഐ യെ പ്രേരിപ്പിക്കുന്നത്. തങ്ങളല്ലാത്ത എല്ലാ സംഘടനകളെയും ആക്രമിക്കുന്ന രീതിയാണ് മഹാരാജാസില്‍ കഴിഞ്ഞ കാലങ്ങളായി ഉണ്ടായിരുന്നത്. കേരളത്തിലെ മിക്ക കാംപസുകളിലും അക്രമത്തിലൂടെ ആധിപത്യം നേടാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്.
കരുതിക്കൂട്ടി സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതാണ് എസ്എഫ്‌ഐയുടെ സംഘടനാപ്രവര്‍ത്തനം. മഹാരാജാസിലും കാണാനാവുന്നത് അത് തന്നെയാണ്. കഴിഞ്ഞ ദിവസം പ്രവേശനോല്‍സവുമായി ബന്ധപ്പട്ട് സ്ഥാപിച്ചിരുന്ന കാംപസ് ഫ്രണ്ടിന്റെ പോസ്റ്ററുകളും ബാനറുകളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു. മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നിരവധി അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. മുമ്പ് ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് നടത്തിയപ്പോള്‍ കോളജ് ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഗുണ്ടാവിളയാട്ടവുമായി മഹാരാജാസ് കോളജിനെ സ്വന്തം റിപബ്ലിക്കാക്കി മാറ്റാനാണ് എസ് എഫ് ഐ യുടെ ശ്രമം. ഇരുട്ടിന്റെ മറവില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ ഉണ്ടായ കൊലപാതകം സംശയം ഉയര്‍ത്തുന്നുണ്ട്. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ പുറത്ത്‌കൊണ്ട് വരാനാകൂ.
സംഭവത്തെ ആസൂത്രിതമായ കൊലപാതകമായി ചിത്രീകരിച്ച് കാംപസ് ഫ്രണ്ടിന്റെ പേരില്‍ കെട്ടിവെച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് എസ്എഫ് ഐ. ഇത് പൊതുജനങ്ങളും മാധ്യമങ്ങളും തിരിച്ചറിയണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കാംപസുകളില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ല. അത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാജാസ് വിഷയത്തില്‍ പ്രതികള്‍ കാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
0 Comments