ആ കാരുണ്യഗേഹത്തിന്റെ വാതിലടഞ്ഞു. മുസ്തഫ മുട്ടുങ്ങല്‍ ഷാര്‍ജയോട് താത്ക്കാലികമായി വിടപറഞ്ഞു

ഷാര്‍ജയിലെ ആ തണല്‍ ഗേഹവും അവസാനിക്കുന്നു. അശരണര്‍ക്കും നിരാലംബര്‍ക്കും മാത്രമല്ല,ഗള്‍ഫിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ഏപ്പോഴും കയറിചെല്ലാനുള്ള ഗേഹമായിരുന്നു അല്‍ ഫദ്‌വ റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് ആന്റ് സ്‌കൂള്‍ യൂണിഫോംസ്. മൂന്നര പതിറ്റാണ്ടിലെറെ കാലമായി പ്രവാസ ജീവിതം നയിക്കുന്ന മുസ്തഫ മുട്ടുങ്ങലിന്റെ നേതൃത്വത്തില്‍ രണ്ടരപതിറ്റാണ്ടിലേറെയായി ഷാര്‍ജയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. വസ്ത്ര വ്യാപാര ശാല എന്നതിന്നപ്പുറം ഈ സ്ഥാപനം കാരുണ്യഗേഹമായിരുന്നു. നിരവധി ജീവിതങ്ങള്‍ ഇവിടെ നിന്നും ജീവിതത്തിന്റെ പൊലിമയിലേക്ക് തിരിച്ചുനടന്നിട്ടുണ്ട്. അഭയം തേടി കടന്നുവന്നവരെ ഒരിക്കലും മുസ്തഫയും തൊഴിലാളികളും തിരിച്ചയച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഏത് രാജ്യക്കാരനെന്ന പരിഗണനയില്ലാതെ വേദനിക്കുന്നവരും ദുരിതമനുഭവിക്കുന്നവരും സഹായം തേടി എത്തുക ഈ സ്ഥാപനത്തിലാണ്. ജയിലില്‍ അകപ്പെട്ടവരെ രക്ഷിക്കാനും,രേഖകളുടെയും മറ്റ് പ്രയാസങ്ങളുടെയും പേരില്‍ നാട്ടില്‍പോവാന്‍ കഴിയാത്തവരും,മാരക രോഗം കൊണ്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരും എല്ലാം ഇവിടെ എത്തുന്നതിന്റെ പ്രധാനകാരണം മുസ്തഫ മുട്ടുങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മഹാ പ്രസ്ഥാനമായ കെ.എം.സി.സിയുടെ പ്രവര്‍ത്തകനാണ് എന്നതാണ്. ഒപ്പം ചെറുപ്പത്തിലെ ഉള്ള പത്രപ്രവര്‍ത്തന താല്‍പ്പര്യം സമ്മാനിച്ച എഴുത്തുള്ളതിനാല്‍ ചന്ദ്രികയുടെ പ്രതിനിധിയുമാണ്. ഒരു വാര്‍ത്തയിലൂടെ ചിലപ്പോള്‍ നിരവധിപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞേക്കുമെന്നതിനാല്‍ യു.എ.ഇയിലെ മാധ്യമപ്രവര്‍ത്തകരുമായി നല്ല ബന്ധമാണ് മുസ്തഫക്ക്. അങ്ങിനെ മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശമായി നിറഞ്ഞു നിന്ന മുസ്തഫക്കും സഹ ജീവനക്കാര്‍ക്കും അനിവാര്യമായ ചിലകാരണങ്ങളാല്‍ ആ സ്ഥാപനത്തിന് താഴ് ഇടേണ്ടി വന്നിരിക്കുന്നു. വ്യാപാര മേഖലയില്‍ വന്ന മാറ്റത്തിനനുസരിച്ച് വളരാന്‍ കഴിയാതെ പോയതാവാം കാരണമെന്ന് സമാധാനിക്കുമ്പോഴും ഈ സ്ഥാപനത്തില്‍ നിന്നും മാറേണ്ടി വരുന്നത് ഏറെ വേദനിപ്പിക്കുന്നതായി ഇവര്‍ സൂചിപ്പിക്കുന്നു. ഇതേ വേദന തന്നെയാണ് ഷാര്‍ജയിലെ മലയാളി സമൂഹവും അനുഭവിക്കുനന്ത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ രാപകലില്ലാതെ ഓടിയെത്തുന്ന മുസ്തഫ മുട്ടുങ്ങലും സഹ ജീവനക്കാരും കണ്‍മുന്നില്‍ തന്നെയുണ്ടാവണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. നിരവധി സ്ഥാപനങ്ങള്‍ പലകാരണത്താല്‍ ഗള്‍ഫില്‍ പൂട്ടിപ്പോയിട്ടുണ്ട്. പക്ഷെ കാരുണ്യഗേഹമെന്ന നിലയില്‍ പ്രചാരം സിദ്ധിച്ച ഈ സ്ഥാപനത്തിനു താഴ് വീഴുമ്പോള്‍ അതൊരുപാട് പേരുടെ ജീവിത ശോഭയാണ് കെടുത്തുന്നത്.മുസ്തഫ അതേക്കുറിച്ച് പറയുന്നത് കേള്‍ക്കുക. ഞങ്ങളെ ജീവിപ്പിച്ച സ്ഥാപനം, വളരെ അനിവാര്യമായ ഒരു സാഹചര്യത്തില്‍ അത് അവസാനിപ്പിക്കേണ്ടി വന്നിരിക്കയാണ്.ഷാര്‍ജ അല്‍ ഗൂവൈര്‍ മാര്‍ക്കറ്റ് എന്ന തിരക്ക് പിടിച്ച വ്യാപാര കേന്ദ്രത്തില്‍ കഴിഞ്ഞ 26 വര്‍ഷം ഞങ്ങള്‍ മൂന്നാല് പേരുടെ കുടുംബങ്ങള്‍ക്ക് താങ്ങായിരുന്നു ഈ സ്ഥാപനം. മൂന്ന് വര്‍ഷമായി അതിജീവനത്തിന്റെ പാതയിലായിരുന്നു .ആവുന്നത്ര ശ്രമിച്ചു.ഇനിയും പിടിച്ചു നില്‍ക്കാനാവില്ല. അതിനാല്‍ അവസാനിപ്പിക്കുകയാണ്.
അല്‍ ഗുവൈര്‍ മാര്‍ക്കറ്റിലെ ഈ സ്ഥാപനത്തിന്റെ തിരക്കും മലയാളി ബന്ധങ്ങളുമൊക്കെ ഒട്ടനവധി തവണ എന്റെ കുറിപ്പുകളില്‍ ഞാന്‍ പങ്കുവെച്ചതാണ്. പെരുന്നാള്‍ പോലുള്ള ആഘോഷദിനങ്ങളില്‍ ഇവിടുത്തെ തിരക്കായിരുന്നു ചിത്രമെടുത്ത് പത്രങ്ങള്‍ക്ക് നല്‍കിയിരുന്നത്. വിട പറഞ്ഞ പ്രശസ്ത്ര പത്ര പ്രവര്‍ത്തകന്‍ വി.എം സതീഷ് വാര്‍ത്താ ശേഖരണത്തിനായി പല തവണ ഇവിടെ വരാറുണ്ടായിരുന്നു.
ഇന്ന് വിട പറയുകയാണ്. യു.എ.ഇയിലെ എന്റെ എളിയ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ സാക്ഷ്യം വഹിച്ച ഈ മാര്‍ക്കറ്റിനോടും സ്ഥാപനത്തോടും. പക്ഷെ,യു.എ.ഇ വിടാന്‍ സജ്ജമായിട്ടില്ല. ഇനി പുതിയ മേച്ചില്‍ പുറം തേടി കുറച്ചു കൂടി ഇവിടെ തങ്ങണം.അതിന്നായി ഉടനെ തിരിച്ചുവരും.നാടണയാന്‍ മോഹമില്ലാഞ്ഞിട്ടല്ല….ഫെയ്‌സ്ബുക്കില്‍ അദ്ദേഹം കുറിച്ചിട്ടവാക്കുകളില്‍ പ്രവാസത്തിന്റെ ചൂരുംചൂടും നോവുമെല്ലാം സമ്മേളിച്ചിട്ടുണ്ട്. മൂന്നരപതിറ്റാണ്ട് പിന്നിട്ടിട്ടും തിരിച്ചുപോവാന്‍ മനസ്സനുവദിക്കുന്നില്ല എന്ന വാക്കുകള്‍ ചിന്തനീയമാണ്. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ മുസ്തഫ മുട്ടുങ്ങല്‍ മാടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ മുസ്തഫ മുട്ടുങ്ങല്‍ യു.എ.ഇ കെ.എം.സി.സി സെന്ററല്‍ കമ്മിറ്റി സെക്രട്ടറിയാണ്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്ധ്യവുമായിരുന്നു. മികച്ച ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തകന്‍,സംഘാടകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന മുസ്തഫ പതിറ്റാണ്ടുകള്‍ നടത്തിയ ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയെല്ലാം കേന്ദ്രമായിരുന്നു അല്‍ ഫദവ എന്ന സ്ഥാപനം.ആ സ്ഥാപനമാണ് ഇപ്പോള്‍ വിസ്മൃതിയിയില്‍ വിലയം പ്രാപിച്ചിരിക്കുന്നത്.
ഹസ്സന്‍ ടി.എം എന്ന സൂഹൃത്തിന്റെ വാക്കുകള്‍ ആണിത്.ഈ കുറിപ്പിന് ഞാന്‍ ലൈക് അടിക്കുന്നില്ല. ഇഷ്ടപ്പെടാന്‍ തീരെ മനസ്സ് സമ്മതിക്കാത്ത വാര്‍ത്തയാണിത്.അല്‍ ഗുവൈര്‍ മാര്‍ക്കറ്റ് ഉണ്ടായി വന്നത് എന്റെ ഓര്‍മയിലുണ്ട്. അതുണ്ടായത് മുതല്‍ അല്‍ ഫദുവായും മുസ്തഫ മുട്ടുങ്ങലും അവിടെയുണ്ട്. കെ.എം.സി.സി റോള മാര്‍ക്കറ്റിലും അതിന്റെ ഒരു എക്സ്റ്റന്‍ഷന്‍ പോലെയുള്ള അല്‍ ഗുവൈറിലും ചുറ്റികറങ്ങിയിരുന്ന അക്കാലത്തു ഷാര്‍ജയിലെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി നിന്നിരുന്നത് ഈ മാര്‍ക്കറ്റുകളില്‍ ഉപജീവനം തേടിയിരുന്ന കടയുടമകളും തൊഴിലാളികളും ആയിരുന്നു. കെ.എം.സി.സിയുടെ വ്യാപ്തി വന്‍കിടക്കാരിലേക്കു അത്രയധികം എത്തിയിട്ടില്ലാത്ത ഒരു കാലമായിരുന്നു അത്.
അല്‍ ഫദ്‌വയുടെ ചെറിയ വൃത്തത്തില്‍ നിന്നുകൊണ്ട് ഒരുപാട് വലിയ വലിയ കാര്യങ്ങള്‍ ചെയ്ത കര്‍മ്മോല്‍സുകനായ വ്യക്തിത്വമാണ് മുസ്തഫ സാഹിബ്. ഷാര്‍ജ കെ.എം.സിസിയുടെ ഏറ്റവും സംസ്‌കാര സമ്പന്നമായ സൗമ്യ മുഖമാണ് മുസ്തഫ.ഷാര്‍ജ കെ എം.സി സിയെ സാഹിത്യകാരന്മാര്‍, പത്രപ്രവര്‍ത്തകന്മാര്‍,സാംസ്‌കാരിക പ്രവര്‍ത്തകന്മാര്‍ എന്നിവരുമായൊക്കെ ബന്ധിപ്പിക്കുന്ന പാലവും മുസ്തഫയാണ്.
സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നതിലെല്ലാം വസ്തുതകളുണ്ടാവാമെന്ന് ചെറു പുഞ്ചിരിയോടെ തലകുലുക്കി സമ്മതിച്ചുകൊണ്ട് തത്ക്കാലത്തേക്ക് വിമാനം കയറിയിരിക്കയാണ് ഈ സാമൂഹ്യപ്രവര്‍ത്തകന്‍. താന്‍ തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസത്തോടെ. ആ വിശ്വാസം സാര്‍ത്ഥകമവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം….
അമ്മാര്‍ കിഴുപറമ്പ്

0 Comments