അര്‍വയെ തേടിയ ജനാലകള്‍


…………………………………………………………നിഗാര്‍ബീഗം..എടവണ്ണ……………………….

ബസ് ഇസ്രയേല്‍ ബോര്‍ഡറിലെത്തിയിരിക്കുന്നു..പെട്ടികളെല്ലാം എല്ലാവരും ധൃതിയില്‍ ഇറക്കുകയാണ്.ജോര്‍ദ്ദാനില്‍ നിന്ന് വന്ന ബസ് ഇനി തിരിച്ചുപോവുന്നു..ഇവിടെ നിന്ന് പുതിയ ബസില്‍..
‘മേം..ഇക്കൂട്ടത്തില്‍ എല്ലാരും സന്തോഷത്തിലാണല്ലോ..മേം മാത്രമെന്തേ വേറിട്ട ഒരു ലോകത്ത്..ഹസ് ആള്‍ വളരെ ലവബ്ള്‍ ആയിട്ടും..’
ഗൈഡാണ്..ഇംഗ്‌ളീഷും അറബിയും കലര്‍ന്ന സിസോയുടെ സംസാരം ചെറിയൊരു ചിരിയോടെ കേട്ടു..ഒന്നുമില്ലെന്ന് കണ്ണടച്ച് പതുക്ക് എമിഗ്രേഷനിലേക്ക് നടന്നു..
‘നിന്റെ ആഭരണങ്ങളൊക്കെ ഊരി ഹാന്‍ഡ് ബാഗില്‍ വെച്ചോളൂ..’
‘അതിന് ആഭരണങ്ങളൊന്നും എന്റെ ശരീരത്തിലില്ലല്ലോ’
‘ആ കമ്മലോ’
‘ഈ പൊട്ടുകമ്മലോ’
‘പൊട്ടായാലും പൊടിയായാലും ഊരണം..’
ചെക്കിംഗ് കഴിഞ്ഞ് മുന്നോട്ടു പോവുമ്പോഴും മനസ്സ് അശാന്തമായിരുന്നു.
‘ഈ ഇസ്രയേല്യര്‍ ഒട്ടും മനുഷ്യപ്പറ്റില്ലാത്തവരാണെന്ന് തോന്നുന്നല്ലെ ജുമീ…’
‘അതൊന്ന്വല്ല..നല്ല സ്‌നേഹമുള്ളവര്‍ തന്നെയാണ്.ഇതിപ്പൊ എല്ലാ ബോര്‍ഡറിലും എമിഗ്രേഷന്‍ കര്‍ശനംതന്നെയായിരിക്കും..’
‘ആഹാ ഇസ്രയേല്യരെ കുറ്റം പറഞ്ഞതത്ര പിടിച്ചില്ലേ നിനക്ക്..?’
‘അതല്ല..ഇന്ത്യക്കാരോട് അവര്‍ക്കെന്നും സ്‌നേഹമാണ്..ഇപ്പൊ മോദിജി ഇവിടെ വന്ന് രണ്ടു ദിവസം വിരുന്നുകൂടിയല്ലോ..’
‘നിനക്ക് കഥഎഴുതാനേ അറിയൂ..ബുദ്ധിയില്ല..’
ഈ യാത്ര തന്നെ തന്റെയാവശ്യമായിരുന്നു..
വര്‍ഷങ്ങളായി ഒളിപ്പിച്ചുവെച്ച തന്റെ കണ്ണീര്‍കണത്തെ തേടിയുള്ള മനസ്സിന്റെ അലച്ചില്‍..
അര്‍വ……അവന്‍ ഇസ്രയേലിലെത്തിയെന്ന് മാത്രമെ അറിയൂ..എവിടെയുണ്ടെന്ന് ഒരു സൂചനയുമില്ല..
ഒരിക്കലും ഇവിടേക്ക് വരാന്‍ ആഗ്രഹിക്കാത്ത അവന് വാഗ്ദത്തഭൂമി ഒരിക്കലും സ്വര്‍ഗമായിരിക്കില്ല..
അന്നൊരിക്കല്‍…
‘അര്‍വാ..ഈയിടെ നീയെപ്പോഴും മൗനത്തിലാണല്ലോ..കോളേജ്‌ഡേയുടെ ഒരുക്കങ്ങളിലേക്കൊന്നും കടന്നുവരുന്നേയില്ല..പാട്ടിന്റെ റിഹേഴ്‌സലെടുക്കാനും കാണുന്നില്ല..എന്തു പറ്റി’.
‘ജുമീ..ഗ്രാന്‍മയുടെ കാത്തിരിപ്പ് നിനക്കറിയാലോ..മമ്മയും ബാബയും ഇപ്പോള്‍ മനസ്സുകൊണ്ട് അതിന് സമ്മതം മൂളിയിരിക്കുന്നു.പോവാനുള്ള ഒരുക്കള്‍ ബാബ തുടങ്ങിയിട്ടുണ്ട്…എന്റെ എക്‌സാം കഴിയാന്‍ കാത്തിരിക്കയാണ്..’
തലയില്‍ കൂടംകൊണ്ടടിയേറ്റ അവസ്ഥയിലായി താന്‍..ദിശയറിയാത്തവളെപ്പോലെ മഹാരാജാസിന്റെ ഇടനാഴിയില്‍ ചുറ്റുപാടും പരതിപ്പരതിയങ്ങനെ നിന്നു..
കുറച്ചു മുന്നോട്ടു നീങ്ങിയതിന് ശേഷമാണ് കയ്യില്‍ നിന്ന് തന്റെ വിരലുകള്‍ ഊര്‍ന്നുപോയത് അര്‍വ അറിഞ്ഞത്..അവനും ഏതോ ലോകത്തിലാണ്..
‘ജുമീ..എന്താ നിന്നു കളഞ്ഞത്. വാ..’
തിരിച്ചു വന്ന് അവന്‍ തന്റെ കയ്യില്‍ പിടിച്ചു.. വിരലുകളുടെ തണുപ്പറിഞ്ഞാവാം അവന്‍ തന്റെ കണ്ണുകളിലേക്ക് നോക്കി..ആ നോട്ടത്തില്‍ നിസ്സഹായനായ ഒരുവന്റെ ആത്മസംഘര്‍ഷമാണുണ്ടായിരുന്നത്..
‘അര്‍വ..അപ്പൊ നമ്മുടെ സ്വപ്നങ്ങള്‍’
‘നമ്മുടെ സ്വപ്നങ്ങള്‍ ഞാനിവിടെ ജീവിച്ചാലും നടക്കില്ല ജുമീ..ഒരു ജൂതന് ഒരു മുസ്ലിം പെണ്‍കുട്ടിയെ ആരുതരും..മുസ്ലിമിന്റെ ഏറ്റവും വലിയ ശത്രു ജൂതനാണ്..’
‘എന്നിട്ടും നീയെന്തേ എന്നെ നിന്നിലേക്കടുപ്പിച്ചു.
‘അതെന്റെ ദൈവവും നിന്റെ ദൈവവും ഒന്നായതിനാലാവാം’
‘ഒരേ ദൈവമോ’
‘അതെ..നമ്മുടെ ദൈവങ്ങള്‍ നമ്മുടെ മനസ്സല്ലെ’
അപ്പൊ ജുമിക്ക് അര്‍വയുടെ കയ്യില്‍ ഒന്നുകൂടെ മുറുകെപ്പിടിക്കണമെന്ന് തോന്നി..
‘സിനഗോഗില്‍ ഇന്നലെ ചെറിയൊരു മീറ്റിംഗ് ഒക്കെ നടന്നു.കിട്ടാനുള്ളതും കൊടുക്കാനുള്ളതുമെല്ലാം ബാബ സെറ്റിലാക്കി..ഇപ്പൊ അദ്ദേഹം സന്തോഷവാനാണ്..ഇനി വാഗ്ദത്തഭൂമിയിലെത്തിയാല്‍ മാത്രം മതി..’
അപ്പോള്‍ അര്‍വയുടെ ചുണ്ടിലൂറിവന്നത് പുച്ഛമായിരുന്നു..
‘ഇവിടെ നല്ല സ്‌റ്റൈലിഷ് ലൈഫല്ലേ നിങ്ങളുടേത്..അവിടെ ഈ സൗകര്യങ്ങളെല്ലാം ഉണ്ടാവുമോ..നിന്റെ വീടെനിക്കെന്ത് ഇഷ്ടമാണ്.. അവിടെ നിന്നോടൊത്തൊരു ജീവിതം അഞ്ചുവര്‍ഷമായി എന്റെ സ്വപ്നമാണ്..’
‘ജുമീ..’അര്‍വയുടെ ശബ്ദം ചിലമ്പിച്ചിരുന്നു..
‘ഇവിടെയുള്ള ഓരോ മണ്‍തരിയും എനിക്കെത്ര പ്രിയമുള്ളതാണെന്നറിയ്വോ..മട്ടാഞ്ചേരിയുടെ ഈ ഇടുങ്ങിയ വീഥികള്‍,ചീനവലകളില്‍ ജീവിതം കരുപിടിപ്പിക്കുന്ന നാടന്‍ മനുഷ്യര്‍,നമ്മുടെ കോളജ്,സിനഗോഗ്,പാലസ് പിന്നെ..പിന്നെ..’
‘പിന്നെ..പിന്നെ..മുഴുവന്‍ പറയൂ…’
‘നിന്നോടൊത്തുള്ള നിമിഷങ്ങള്‍..നമ്മളൊന്നിച്ചു പാടുന്ന നിമിഷങ്ങളിലാണ് ഞാനെന്നെ തിരിച്ചറിയാറുള്ളത്..ഇനിയെന്റെ പഴയ മൗനത്തിലേക്ക് തന്നെ ഒളിക്കേണ്ടി വരുമെനിക്ക്..”
‘പോവാതിരുന്നുകൂടെ അര്‍വ’
‘പറ്റില്ല ജുമീ..ഇസ്രയേല്‍ പുണ്യഭൂമിയാണെന്ന് എനിക്കെന്തോ തോന്നുന്നേയില്ല.പക്ഷേ ജൂതരക്തം ശരീരത്തിലോടുന്ന ബാബക്ക് കരുണ കുറവാണ്..’
ഇസ്രയേല്‍ യാത്രയുടെ തലേന്നാള്‍..സിനഗോഗില്‍ ഒരു ബെഞ്ചില്‍ എത്രനേരമാണ് രണ്ടു പേരും തൊട്ടുതൊട്ടിരുന്നത്.തന്റെ നെഞ്ചിലെ പിടച്ചില്‍ ശരിക്കും അവന്‍ അറിയുന്നുണ്ടായിരുന്നു..
‘ചിലപ്പോള്‍ ഇത് നല്ലതിനായിരിക്കാം..നമ്മളൊരുമിച്ചാല്‍ ഒരിക്കലും സമാധാനം നിറഞ്ഞ ഒരു ജീവിതം നമുക്കുണ്ടാവില്ല..എന്നും നമ്മള്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കും..എത്രയോ രാവുകളില്‍ നിന്നെ പാടിയുറക്കീട്ടുണ്ട് ഞാന്‍..ധാരാളം സാഹചര്യങ്ങളുണ്ടായിട്ടും നിന്നില്‍നിന്ന് ഒന്നും കവര്‍ന്നെടുത്തിട്ടില്ല..അബ്രഹാമിന്റെ സാറയെപ്പോല്‍ സുന്ദരിയായ നിന്നെ അറിയാന്‍ ആഗ്രഹമില്ലാഞ്ഞല്ല…ഒരിക്കലും ഒന്നിച്ചു ചേര്‍ക്കാന്‍ കഴിവില്ലാത്തവന്‍ നിന്റെ പരിശുദ്ധിയില്‍ കൈവെയ്ക്കരുതെന്ന് നിര്‍ബന്ധമുണ്ടെനിക്ക്..എന്നെ ഉണര്‍ത്തിയ ഈ സ്വരം മതിയെനിക്ക് ഈ ജന്‍മം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍..’
അവനില്‍ നിന്ന് അകലേക്ക് നടന്നുനീങ്ങിയപ്പോള്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയില്ല..ഇനി ഒരു കാഴ്ച വയ്യ..
കണ്ണീരോര്‍മയായി മാറിയ അര്‍വ.
താബയിലെ ചെങ്കടല്‍ തീരത്തുള്ള സ്റ്റാര്‍ ഹോട്ടലില്‍ ലോകത്തിന്റെ പലഭാഗത്തുമുള്ള ഭക്ഷണസാധനങ്ങള്‍ മുന്നില്‍ നിരന്നപ്പോഴും ആഡംബരങ്ങള്‍ ആസ്വദിക്കാനായി മുന്നില്‍ കണ്ടപ്പോഴും ഒന്നിലും ഒരു താല്‍പര്യവും തോന്നിയില്ല..കാണുന്ന ഓരോ ഇസ്രായേല്യനേയും സൂക്ഷ്മം നിരിക്ഷിക്കയായിരുന്നു..
ഇല്ല അര്‍വ ഇവിടെയെങ്ങുമില്ല..
മോസസിന്റെ ദേഷ്യമോ എടുത്തുചാട്ടമോ പഠിയ്ക്കാത്ത ജൂതനായ ആ ഗന്ധര്‍വഗായകന്‍ മാത്രം ഇവിടെയെങ്ങുമില്ല..
.വാഗ്ദത്തഭൂമിയില്‍ സ്വര്‍ഗജീവിതം നയിക്കാനായി വന്ന അര്‍വയുടെ ബാബ എവിടെയായിരിക്കും കൊട്ടാരം പണിതത്..
‘നീയിത് എന്തോര്‍ത്തു കൊണ്ടിരിക്കയാണ്..’
ഈ യാത്രക്ക് തിരക്കുകൂട്ടിയിരുന്ന തന്റെ മൗനം അദ്ദേഹത്തെയും ചൊടിപ്പിച്ചിരുന്നു..
കെയ്‌റോയിലെത്തുവോളം കണ്ണുകള്‍ ഓരോ ജനാലയിലൂടെയും അര്‍വയെ തിരഞ്ഞുകൊണ്ടേയിരുന്നു..
ഹോട്ടല്‍ ഗ്രാന്റ്പിരമിഡില്‍ സ്വിമ്മിംഗ് പൂളിനരികില്‍ വെറുതെയിരുന്ന്, നീന്തുന്ന ഓരോരുത്തരിലും അര്‍വയെ തിരഞ്ഞു..
എല്ലാവരും പിരമിഡിന്റെ നിര്‍മ്മിതിയുടെ അത്ഭുതത്തെ നോക്കി നിന്നപ്പോഴും ആ മരുഭൂമിയില്‍ തന്റെ കണ്ണുകള്‍ ഒരാളെ മാത്രം തേടുകയായിരുന്നു.
ഇനി കാത്തിരിക്കേണ്ട..
എന്റെ ദൈവവും അര്‍വയുടെ ദൈവവും മറശ്ശീല താഴ്ത്തിയതാണ്..
രാത്രി നൈല്‍ ക്രൂയിസിലെ ഡിന്നര്‍…ഇതുവരെ കാണാത്ത ,ഷിപ്പിലെ ആഘോഷം..പലരാജ്യങ്ങളുടെയും നൃത്തവിരുന്നില്‍ അതിഥികള്‍ മതിമറന്നിരിക്കുമ്പോഴാണ് ആ അനൗണ്‍സ്‌മെന്റ്..
ഇതാ..ഇനി നിങ്ങളുടെ മുന്നിലേക്ക് ഇന്ത്യന്‍ മ്യൂസിക്കുമായി അര്‍വ..അര്‍വാദാവീദ്..
തന്റെ ശ്വാസം നിലച്ചോ!കഴിക്കാനെടുത്ത ഫുഡ് സ്പൂണോടുകൂടി മടിയിലെ നാപ്കിനിലേക്ക്..
അദ്ദേഹത്തിന്റെ കടുപ്പിച്ച നോട്ടം..
‘ശ്രദ്ധിക്കേണ്ടേ..
ഇങ്ങനെയുള്ള പാര്‍ട്ടികളില്‍ ടേബ്ള്‍മാനേഴ്‌സ് മറക്കരുത്..’
ടേബ്ള്‍ മാനേഴ്‌സ്..ആരുനോക്കുന്നു അതെല്ലാം..
വര്‍ഷങ്ങളായി താന്‍ കാത്തിരുന്ന ശബ്ദമാണിത്..
മൈക്ക് കയ്യില്‍ പിടിച്ച് പ്രത്യേക ചുവടുകളോടെ കടന്നുവന്ന ആ പൂച്ചക്കണ്ണനെ നോക്കി നിന്നപ്പോള്‍ തന്റെ ശരീരത്തിന് പഞ്ഞിത്തുണ്ടുപോലെ ഭാരമില്ലാതാവുന്നതറിഞ്ഞു..
തട്ടുപൊളിപ്പന്‍ സംഗീതത്തിനിടയ്ക്ക് റഫിസാഹെബിന്റെ മനോഹരമായ മെലഡി അര്‍വയില്‍ നിന്ന് ഒഴുകിവരാന്‍ തുടങ്ങിയപ്പോള്‍ ആ ഹാള്‍ മൊത്തം നിശ്ശബ്ദമായത് മിനി്റ്റുകള്‍ക്കുള്ളിലായിരുന്നു..
സ്പൂണും നൈഫും ഫോര്‍ക്കുമെല്ലാം ചലനമറ്റുനിന്നു..
മൈക്കും കൊണ്ട് പാടിക്കൊണ്ടു തന്നെ അര്‍വ ഓരോ അതിഥിയുടെയും അടുത്ത് ചെന്ന് തോളില്‍ പതുക്കെ തൊടുന്നു.. അവര്‍ സെല്‍ഫിയെടുക്കുന്നു..
ഇലാഹീ.
ഇപ്പൊ അവനിവിടെയെത്തുമല്ലോ..കണ്ണടച്ചിരുന്നു..അവനെന്നെ തിരിച്ചറിയുമോ..അതോ ജൂതന്റെ തനിസ്വഭാവം കാണിക്കുമോ..
കേട്ടുകൊണ്ടിരുന്ന പാട്ട് ഇടയ്ക്കുവെച്ചു നിന്നപ്പോഴാണ് താന്‍ കണ്ണുതുറന്നത്..തന്നെയും നോക്കി തരിച്ചുനില്‍ക്കുകയാണ് അര്‍വ.
പതുക്കെ ആ നീണ്ട കൈകള്‍ തന്റെ നേരെ നീണ്ടു വന്നു.പകച്ചു നില്‍ക്കുന്ന കണ്ണുകളെ ശ്രദ്ധിച്ചില്ല..സ്വപ്നാടനത്തിലെന്നപോലെ അര്‍വയോടൊപ്പം വേദിയിലെത്തി.
മറൊരു മൈക്കെടുത്തവന്‍ കയ്യില്‍ തന്നു..
താനാരാണെന്നും തന്റെകൂടെയുള്ളതാരാണെന്നും മറന്നുപോയ നിമിഷങ്ങള്‍..
മഹാരാജാസിന്റെ വേദിയിലെ പഴയ അര്‍വയും ജുമിയും മാത്രം…അന്നു പാടിയ മനോഹരഗാനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി മൂന്നെണ്ണം..
നീണ്ട കരഘോഷങ്ങള്‍ ചെവിയില്‍ വന്നലച്ചപ്പോഴാണ് സ്ഥലകാലബോധം വന്നത്..
പേടിയോടെ താനിരുന്ന സീററിലേക്ക് നോക്കിയപ്പോഴാണ് തന്നെ നോക്കുന്ന പല കണ്ണുകളുടെ കൂട്ടത്തില്‍ അമ്പരന്നു നോക്കുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍..
മനസ് ശക്തി സംഭരിക്കുകയായിരുന്നു.ഇനിയെന്തു വന്നാലും നേരിടേണ്ടിയിരിക്കുന്നു.സംഭവിച്ചതൊന്നും വിശ്വസിക്കാന്‍ പറ്റാതെ തളര്‍ന്നു നില്‍ക്കുന്ന അര്‍വയോട് എങ്ങനെ യാത്ര പറയണമെന്ന് പോലും അറിയില്ലായിരുന്നു.
‘മോസസിന്റെ ദൈവം ഇങ്ങനെയും ചില അത്ഭുതങ്ങള്‍ കാണിക്കുമല്ലേ ജുമീ..എന്റെ ജന്‍മം തന്നെ സഫലമായ അത്ഭുതം..’
‘അര്‍വാ..എന്റെ ദൈവവും എനിക്കീ ഭാഗ്യം കാത്തുവെച്ചില്ലെ..നിന്നെയൊരിക്കല്‍ കൂടി കാണാന്‍..’
എന്തും വരട്ടെ അനുഭവിക്കാം എന്ന ധൈര്യത്തോടെ അദ്ദേഹത്തിനടുത്തെത്തുമ്പോള്‍ അമ്പരന്ന ഒരേയൊരു ചോദ്യം മാത്രം.
.’നീ ഹിന്ദിപാട്ടുകള്‍ നന്നായി പാടുമെന്ന് ഇയാളെങ്ങനെ മനസ്സിലാക്കി..രണ്ടാളും അസ്സലായി പാടിയല്ലോ.ഇത്ര മനോഹരമായി നീ പാടുന്നത് ഞാന്‍ കേട്ടിട്ടേയില്ല.
അവനില്‍ നിന്ന് അകലേക്ക് നടന്നുനീങ്ങിയപ്പോള്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയില്ല..ഇനി ഒരു കാഴ്ച വയ്യ..

nigarbeegam@gmail.com

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar