വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പിന്നില്‍ വര്‍ഗീയ അജണ്ടയോ, സംഘടന പിളര്‍ന്നെന്ന വാര്‍ത്തയുടെ പിന്നാമ്പുറം എന്ത്.


അമ്മാര്‍ കിഴുപറമ്പ്::::
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. സംസ്ഥാന സര്‍ക്കാറിന് ഇന്റലിജന്‍സ് കൈമാറി എന്ന് പറയുന്ന റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ഒരു പത്രം വാര്‍ത്തയാക്കിയതോടെയാണ് വീണ്ടും തുല്ല്യ നീതി തുല്ല്യ പെന്‍ഷന്‍ എന്ന മുദ്രാവാക്യം പൊതു സമൂഹം ചര്‍ച്ചക്കെടുത്തത്. എന്താണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടന എന്ന് അറിയുന്നതിന്ന് 2019 സെപ്റ്റംബര്‍ 15 ലേക്ക് പോവേണ്ടതുണ്ട്.അന്നാണ് കോട്ടയത്തെ കുറുപ്പുംതറയിലെ ഒരു പാരല്‍ കോളേഝില്‍ ഈ സംഘടനയുടെ ആദ്യ യോഗം ചേരുന്നത്. 77 പേരാണ് അന്ന് യോഗത്തില്‍ പങ്കെടുത്തത്.ആയോഗത്തിന്റെ മുഖ്യ സംഘാടകനായ ആന്റണികോഴിക്കരയായിരുന്നു അദ്ധ്യക്ഷന്‍. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളും ഉദ്വേശ്യ ലക്ഷ്യങ്ങളും അദ്ദേഹം സവിസ്തരം പരിചയപ്പെടുത്തിയപ്പോള്‍ സൂചിപ്പിച്ച ഒരു കാര്യം ഉണ്ട്. ജനാധി പത്യത്തില്‍ ഊന്നി ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന്. പാര്‍ട്ടിയെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ആലയില്‍ കെട്ടില്ല എന്നും മറ്റൊരു പാര്‍ട്ടിയുടെ കൊടിക്കൊപ്പം ഈ പ്രസ്ഥാനത്തിന്റെ കൊടി കൂട്ടിക്കെട്ടില്ല എന്നുമായിരുന്നു അത്. അറുപത് പിന്നിട്ട എല്ലാ ഇന്ത്യക്കാര്‍ക്കും പതിനായിരം രൂപ മാസാന്ത പെന്‍ഷന്‍ എന്നത് നടപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ബോധവാന്മാരാക്കുക, നിയമ മാര്‍ഗ്ഗത്തിലൂടെ കോടതിയെ ഇടപെടുത്തികൊണ്ട് ലക്ഷ്യം നേടുക എന്നതാണ് സംഘടന മുന്നോട്ട് വെവച്ചത്. എന്നാല്‍ ഈ കൂട്ടത്തിലുള്ള ഏഴുപേര്‍ അംഗങ്ങളായി ഈ സംഘടനയുടെ ബൈലോ രജിസ്റ്റ് ചെയ്യുകയും 230-19 എന്ന പേരില്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ ഏഴ് അംഗങ്ങള്‍ക്കും മരണം വരെ അവകാശമുണ്ട് എന്ന ക്ലോസ് ആണ് അവകാശ തര്‍ക്കത്തിലേക്ക് വഴിവെച്ചത്. വിപിന്‍ ചാക്കോ കുവൈത്ത്, ബിജു എം ജോസഫ്, വിനോദ് കെ ജോസ് എന്നിവരാണ് രജിസ്‌ട്രോഡ് ഭാരവാഹികള്‍.

എന്നാല്‍ 2020 ജനുവരിയില്‍ തൃശൂരില്‍ ആന്റണി കോഴിക്കരയുടെ നേതൃത്വത്തില്‍ ഒരു യോഗം സമാന മനസ്‌ക്കരെ പങ്കെടുപ്പിച്ച് നടക്കുകയും അതില്‍ മറ്റൊരു കൂട്ടായ്മ ഇതേ പേരില്‍ രൂപീകരിക്കുകയും ചെയ്തു. ആ സംഘടന 7-4-2020 എന്ന നമ്പറില്‍ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു. ചെറിയ മാറ്റത്തോടെ ഒരേ ബൈലോ തന്നെയാണ് ഇരു വിഭാഗവും ഫോളോ ചെയ്യുന്നത്. ആന്റണി വിഭാഗം ഒരു പഞ്ചായത്തില്‍ പത്താളുകള്‍ ഉണ്ടെങ്കിലാണ് അവിടെ ഒരു യൂണിറ്റ് ഉണ്ടാക്കുക.ആയിരം രൂപയാണ് അംഗത്വ ഫീസ്. ഈ പതിനായിരം രൂപ സംഘടനയുടെ സര്‍ക്കാര്‍ റെജിസ്‌ട്രേഷനും അനുബന്ധ ഓഫീസ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുക. നാല്‍പ്പത് ആളുകള്‍ വന്നാല്‍ ആ പഞ്ചായത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോട്ടീസ് വിതരണം മൈക്ക് പ്രചാരണം വിപുലമായ കോണ്‍ഫ്രറന്‍ സ് എന്നിവ നടത്തും. ആ ചെലവാണ് ഈ നാല്‍പ്പത് പേരുടെ കയ്യില്‍ നിന്നും ഈടാക്കുന്ന ആയിരം രൂപവെച്ചുള്ള തുക ചെലവാക്കുന്നത്. പിന്നീട് വരുന്നവരില്‍ നിന്ന്ും രണ്ട് വര്‍ഷത്തേക്ക് ഇരുപത് രൂപയാണ് അംഗത്വ ഫീസ്. ആയിരം രൂപ നല്‍കി മെംബര്‍ഷിപ്പ് എടുത്തവര്‍ക്കാണ് സംഘടനയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹത. എന്നാല്‍ വിനോദ് കെ ജോസ് വിഭാഗമാവട്ടെ ഓരോ പ്രദേശത്തും മുന്നോട്ട് വരുന്ന ജനങ്ങളെ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ വിടുകയാണ് ചെയ്യുന്നത്. ചെറിയ അംഗത്വ ഫീസാണ് ഈടാക്കുന്നത്.

ഇത്രയും പറഞ്ഞത് രണ്ട് കാര്യങ്ങള്‍ക്ക് മറുപടിയായാണ് .ഒന്ന്- സംഘടന പിളര്‍ന്നു എന്ന ഇന്നത്തെ വാര്‍ത്തയുട നിജസ്ഥിതി ബോധ്യപ്പെടുത്താന്‍. രണ്ട് – ആര്‍ എസ് എസ് ആണ് ഇതിന്റെ പിന്നില്‍ എങ്കില്‍ ഇത്തരം ഒരു ബൈലോ,പ്രവര്‍ത്തന രീതി അവര്‍ സ്വീകരിക്കുമോ. ഒരു സംഘടനക്കൊപ്പവും കൊടി കൂട്ടികെട്ടില്ല എന്ന് പറയുമ്പോള്‍,തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന ബൈലോയില്‍ വ്യക്തമാക്കുമ്പോള്‍ പിന്നെ എന്തിനാണ് അവര്‍ ഇങ്ങനെ ഒളിഞ്ഞൊരു പ്രസ്ഥാനത്തെ പിന്തുണക്കുന്നത്.


സത്യത്തില്‍ ഇരു വിഭാഗമായി പ്രവര്‍ത്തനം തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു.ഇപ്പോഴത്തെ കോവിഡ് ലോക്ഡൗണ്‍ സാഹചര്യവും സോഷ്യല്‍മീഡിയ ുപയോഗക്കൂടുതലുമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രവര്‍ത്തനങ്ങളെ ശക്തിപ്പടുത്തിയത്. മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ എന്ത് കൊണ്ട ഈ മൂവ്‌മെന്റിനെ എതിര്‍ക്കുന്നു എന്ന ചോദ്യത്തിനുത്തരം വളരെ ലളിതമാണ്. ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളില്‍ ചേക്കേറിയ ഈ മുദ്രാവാക്യം വരും നാളുകളില്‍ അവരുടെ പ്രവര്‍ത്തനത്തെ അണികളുടെ ഒലിച്ചുപോക്കിനെ ഒക്കെ സ്വാധീനിക്കും എന്നത് തന്നെ. സ്വാതാന്ത്ര്യാന്തര ഭാരതത്തില്‍ മുഴങ്ങിക്കേട്ട ഈ വിപ്‌ളവകരമായ മുദ്രാവാക്യം ഇന്ത്യയിലെ നിസ്സഹായരായ ജനതയുടെ ജീവിത്തിലേക്ക് വീശുന്ന വെളിച്ചം ചെറുതല്ല. ആ സാമ്പത്തിക പുരോഗതി സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റം ചെറുതല്ലെന്ന രാഷ്ട്രീയക്കാര്‍ക്ക് നന്നായറിയാം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ ഇത്തരം പാവപ്പെട്ട മനുഷ്യരെ തെരഞ്ഞെടുപ്പ് സമയത്ത് മോഹിപ്പിച്ച് കൂടെ നിര്‍ത്തലാണ് ചെയ്യാറ്. എന്നിട്ട് അധികാരത്തിലെത്തിയാല്‍ ഉപേക്ഷിക്കുകയും.അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റെന്തെങ്കിലും പുതിയ തട്ടിപ്പുമായി അവര്‍ വീണ്ടും വരും. ഈ നാടകങ്ങളൊക്കെ അവസാനിക്കും ദാരിദ്ര്യം തുടച്ചു മാറ്റപ്പെട്ടാലെന്ന് ന്നായറിയാം രാഷ്ട്രീയക്കാര്‍ക്ക്.

ഇനി മറ്റൊരു കാര്യം ഈ മുദ്രാവാക്യം ആദ്യം പറഞ്ഞത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പത്രികയില്‍. അറുപത് കഴിഞ്ഞവര്‍ക്ക് ആറായിരം രൂപ പെന്‍ഷനെന്ന്. ആ മുദ്രാവാക്യം ഇലക്ഷനോടെ അവര്‍ ഉപേക്ഷിച്ചു. അതാണ് ഇപ്പോള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന പേരില്‍ ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസ്സിനും ഇടതിനും ബി.ജെ.പിക്കുപോലും വെല്ലുവിളിയായി വന്നിരിക്കുന്നത്. ഇന്നതിനെ എതിര്‍ക്കുന്നവര്‍ അത് മറന്നുപോകരുത്. മറ്റൊന്ന് ഈ പ്രസ്ഥാനത്തെ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളുടെ ആലയില്‍ കെട്ടാന്‍ മത്സരിക്കുന്നവരോടാണ്. ഈ മുദ്രാവാക്യം ആര്‍ എസ് എസിന്റെതാണെങ്കില്‍ ഏത് ജനമാണ് അവരുടെ ഈ മുദ്രാവാക്യം ശ്രവിക്കുക. അധികാരത്തില്‍ വന്നാല്‍ പതിനഞ്ച് ലക്ഷം ഓരോ കുടുംബ നാഥന്റെയും എക്കൗണ്ടില്‍ ഇടുമെന്ന് പറഞ്ഞ് പറ്റിച്ചവരെ ആരാണ് മുഖവിലക്കെടുക്കുക. അത് കൊണ്ട് നട്ടാല്‍ മുളക്കുന്ന നുണകള്‍ പറയുക. കേരളത്തില്‍ ഒരു ആം ആദ്മി മോഡലും നടക്കില്ല. ജനം അത് തെളിയിച്ചവരാണ്.
ഇനി ഇന്റലിജന്‍സ് വിവരം പോലെ വര്‍ഗീയ സംഘങ്ങള്‍ പിന്നില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വളരാന്‍ മാറി നിന്നു ആക്കം കൂട്ടുകയല്ല വേണ്ടത്.പ്രസ്ഥാനത്തിന് ഉള്ളില്‍ ആര്‍ക്കും അണിചേരാം. അങ്ങിനെ ഉള്ളില്‍ നിന്നു പൊരുതുകയാണ് വേണ്ടത്.
അധികാരത്തിലിരിക്കുകയും പാവപ്പെട്ട അടിസ്ഥാന വര്‍ഗ്ഗത്തെ അവഗണിക്കുകയും ചെയ്യുന്നവര്‍ ഓര്‍ക്കുക ഈ മുദ്രാവാക്യം വഴി ജനത്തെ സംഘടിപ്പിച്ച് മറ്റുളളവര്‍ക്ക് അധികാര ഇടനാഴിയിലേക്ക് വെളിച്ചം പകരാനാണ് ആരെങ്കിലും ശ്രമിക്കുന്നതെങ്കില്‍ അവരെ അവഗണിക്കാനും ജനം ഒറ്റക്കെട്ടായി മുന്നിലുണ്ടാവും. ജനകീയാടിത്തറയില്‍ മുന്നേറുന്ന പ്രസ്ഥാനം മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുവെങ്കില്‍ നിങ്ങള്‍ ഉയര്‍ത്തുക ഈ മുദ്രാവാക്യം നെല്ല് ആര് കുത്തിയാലും അരിയായാല്‍ മതി.

കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .ഷെയര്‍ചെയ്യുക

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar