ഹൃദയ ബന്ധങ്ങളില്‍ കനലായി പേരന്‍മ്പ്

രമേഷ് പെരുമ്പിലാവ്.
മജീദ് മജീദി സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രമാണ് ദി കളർ ഓഫ് പാരഡൈസ് അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരന്റെ കഥ പറയുന്ന ചിത്രം മജീദിയുടെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി വിലയിരുത്തപ്പെടുന്നു
തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ, വേനലവധിക്ക് മറ്റു കുട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് മുഹമദ്. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ അയാൾ തന്റെ മകനെയും കൊണ്ട് ഗ്രാമത്തിലേക്ക് തിരിക്കുന്നു. വിഭാര്യനായ അയാൾ വീണ്ടും വിവാഹിതനാകുവാനുള്ള ഒരുക്കത്തിലാണ്. എന്നാൽ അന്ധനായ മകൻ മൂലം ആ വിഹാഹത്തിൽനിന്ന് അവർ പിൻമാറുമോ എന്ന ആശങ്കയിലാണ് അയാൾ.
സഹോദരിമാരും മുത്തശ്ശിയും അവന്റെ മടങ്ങിവരവിൽ അത്യധികം സന്തോഷിക്കുന്നു. ആഹ്ലാദകരമായ അവന്റെ അവധികാലം മനോഹരമായി സംവിധായകൻ ദൃശ്യവൽക്കരിക്കുന്നു, എന്നാൽ പിതാവ് അവനെ അന്ധനായ ഒരു ആശാരിക്കടുത്തേക്ക് കൊണ്ടുപോകുകയും ജോലിക്കായി അവിടെ നിർത്തുകയുമാണ് ചെയ്യുന്നത്. കൊച്ചുമകനെ കാണാതെ മുത്തശ്ശിക്ക് അസുഖം മൂർച്ഛിക്കുകയും തുടർന്ന് ഏറെകഴിയുംമുൻപ് അവർ മരണപ്പെടുകയും ചെയ്യുന്നു.
അത് മോശം ലക്ഷണമായി കണ്ട് വധുവിന്റെ വീട്ടുകാർ വിവാഹത്തിൽനിന്നും പിൻമാറുന്നു.
നിരാശനായ അയാൾ മകനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ തയ്യാറാകുന്നു. എന്നാൽ വഴിക്ക് വച്ച് പാലം തകർന്ന് മുഹമദ് നദിയിൽ വീണ് ഒഴുക്കിൽ പെടുന്നു. ഒരു നിമിഷം സ്വാർത്ഥനായ അയാൾ നിസംഗതനായി നോക്കിനിന്ന ശേഷം മകനെ രക്ഷിക്കുവാൻ നദിയിലേക്ക് ചാടുന്നു.
കടൽക്കരയിൽ കിടക്കുന്ന മുഹമദിനേയും പിതാവിനേയുമാണ് അടുത്ത രംഗത്ത് നമ്മൾ കാണുന്നത്. നിശ്ചലമായ അവന്റെ ശരീരം ചേർത്തുപിടിച്ചുകൊണ്ട് അയാൾ വിതുമ്പുന്നു. ചെറുതായി ചലിക്കുന്ന മുഹമദിന്റെ കൈവിരലുകളുടെ കാഴ്ചയിലാണ് ചിത്രം അവസാനിക്കുന്നത്.
പേരന്‍പിലെ മഞ്ഞുപാടകളിലൂടെ കാഴ്ചക്കാരനായി നെഞ്ചിലൊരു നീറ്റലായി ഒഴുകി നടക്കുമ്പോള്‍ പലപ്പോഴും മനസ്സിലേക്ക് മുഹമ്മദ് എന്ന അന്ധബാലനും അവന്റെ അബുവും കയറി വന്നിരുന്നു. പാപ്പയും അവളുടെ അച്ഛനും സങ്കടങ്ങളുടെ കടല്‍ത്തിര മുറിച്ച് കടക്കാനാവാതെ ഉഴറുമ്പോള്‍ കാഴ്ചക്കാരന്റെ കണ്ണുകള്‍ നിറയുന്നുണ്ട് ഒട്ടനവധി വട്ടം.

‘സ്പാസ്റ്റിക് പരാലിസിസ് ‘എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദന്‍. പത്ത് വര്‍ഷത്തിലേറെയായി അയാള്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍, മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം പോകുന്നത് അയാളുടെ ജീവിതത്തില്‍ കനത്ത തിരിച്ചടിയാകുന്നു. എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചിരിക്കുകയാണയാള്‍ മകളുടെ സംരക്ഷണം എവിടെ നിന്ന് തുടങ്ങണമെന്ന് അമുദന് അറിയില്ല.
പാപ്പയുടെ അമ്മ സിനിമയിലൊരു സീനില്‍ മാത്രം മുഖം കാണിക്കുന്നുള്ളൂവെങ്കിലും. പേരന്‍പ് അവരുടേയും കൂടി സിനിമയാണ്. തന്റെ അസാന്നിദ്ധ്യത്തിലും ആ അമ്മ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. സഹിക്കാവുന്നതിലും അപ്പുറം സഹിച്ചാണ് അവര്‍ മകളെ അച്ഛനെ ഏല്‍പ്പിച്ച് മറ്റൊരു ജീവിതം തേടി പോകുന്നത്. ഇത്തരം ഭിന്നശേഷിയുള്ള കുട്ടികളുള്ള മാതാപിതാക്കളില്‍ മാതാവിന്റെ മാത്രമായ ഉത്തരവാദിത്വമായി തീരുന്ന കുട്ടിയുടെ സംരക്ഷണം എത്രമാത്രം അമ്മയെന്ന സ്ത്രീയുടെ ജീവിതം ഇല്ലാതാക്കുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. അതിനൊരു മറുപടി കൂടിയാണ് ഈ ചിത്രത്തിലെ അമ്മയുടെ തങ്കമെന്ന കഥാപാത്രം.
പ്രവാസിയായിരുന്ന അയാള്‍ മകള്‍ക്കൊരു അപരിചിതനാണ്. അമ്മയായിരുന്നു അവള്‍ക്കെല്ലാം അച്ഛനെ അവള്‍ക്ക് അറിയില്ല പേടിയാണ്. മകളുടെ സംരക്ഷണം പൂര്‍ണമായി അയാളില്‍ മാത്രം ഒരുങ്ങുന്ന സാഹചര്യമാണ് പിന്നീട് വന്നു ചേരുന്നത്. പാപ്പ എന്ന് എല്ലാവരും വിളിക്കുന്ന, ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന മകള്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സാഹചര്യത്തില്‍ അമുദന്‍ നേരിടുന്ന മാനസിക സംഘര്‍ഷമാണ് പേരന്‍പിന്റെ കഥ.
ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ വികാരപ്രകടനങ്ങളും ചേഷ്ടകളും അവരുടെ ശബ്ദംപോലും ഇപ്പോഴും ഈ സമൂഹത്തിന് സഹിക്കാനാവാതെ വരുമ്പോള്‍ അമുദനും മകള്‍ക്കും മറ്റൊരു വീട് തേടി നടക്കേണ്ടി വരുന്നു
മനുഷ്യരാരും വേണമെന്നില്ല, കുരുവി ചാവാത്തയിടത്തൊരു വീട് വേണമെന്നാണ് അമുദന്റെ ആഗ്രഹം. അവിടെയാണയാള്‍ക്ക് പാപ്പയുമായി വസിക്കേണ്ടത്. അത്രമേല്‍ പ്രകൃതിയോടിണങ്ങിയതാണ് പാപ്പയുടെ ജീവിതം. പാപ്പയെ സന്തോഷിപ്പിക്കുന്ന പ്രകൃതിയിലേക്ക് അവര്‍ താമസം മാറുന്നു.
അമുദനും മകള്‍ക്കുമൊപ്പം ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് പ്രകൃതി. പന്ത്രണ്ട് അദ്ധ്യായങ്ങളുടെ രൂപത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പേരന്‍പിന്റെ ഓരോ അദ്ധ്യായത്തിന്റെ പേരിലും പ്രകൃതിയും അതിന്റെ വിവിധ ഭാവങ്ങളുമുണ്ട്. പ്രകൃതിയുടെ ഈ അപ്രതീക്ഷിത ഭാവമാറ്റങ്ങള്‍ അച്ഛന്റേയും മകളുടേയും ജീവിതത്തേയും പിടിച്ചുലയ്ക്കുന്നു.
ചത്തുവീഴുന്ന കുരുവിയും വഴിതെറ്റി പറന്ന കിളിയുടെ സ്വാതന്ത്ര്യവും, കുതിരയും ആകാശവും നക്ഷത്രങ്ങളും ജലവുമൊക്കെ ജീവിതത്തെ പലതായി മാറ്റി മറിക്കുന്നുണ്ട് സിനിമയില്‍
റാമിന്റെ മുന്‍ചിത്രത്തിലൂടെ ദേശീയപുരസ്ക്കാരം നേടിയ സാധന വെങ്കിടേഷ് എന്ന പെണ്‍കുട്ടിയാണ് അമുദന്റെ മകളായ പാപ്പയെ അവതരിപ്പിച്ചത്

അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള കഥാപാത്രത്തെ പൂര്‍ണമായും തന്നിലേക്ക് സ്വാംശീകരിച്ചിരിക്കുകയാണ് സാധന. സ്പാസ്റ്റിക് പരാലിസിസിലൂടെ സഞ്ചരിക്കുന്ന കൗമാരക്കാരിയെ അവതരിപ്പിക്കാന്‍ ശാരീരികമായും മാനസികമായും കഠിനപ്രയത്‌നം തന്നെയാണ് ഈ പെണ്‍കുട്ടി ചെയ്തിരിക്കുന്നത്.
അച്ഛനെ ഭയപ്പെടുന്ന മകള്‍, പ്രായപൂര്‍ത്തിയാവുക എന്നാല്‍ എന്തെന്നറിയാത്ത പെണ്‍കുട്ടി, എതിര്‍ലിംഗത്തോട് ആകര്‍ഷിക്കപ്പെടുന്ന കൗമാരക്കാരി, അച്ഛനുമൊരു പുരുഷനാണെന്ന തിരിച്ചറിവുണ്ടാവുന്ന വലിയ പെണ്ണ് എന്നിങ്ങനെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഏറെയുണ്ട് പാപ്പയുടെ ഭിന്നശേഷിക്കാരിക്ക്.
പ്രകൃതിയുടെ വിവിധഭാവങ്ങളിലൂടെ സിനിമയെ കൊണ്ടുപോകുന്നതില്‍ സംവിധായകനൊപ്പം വലിയ പങ്കുവഹിച്ചിരിക്കുന്നത് തേനി ഈശ്വര്‍ എന്ന ഛായാഗ്രാഹകനാണ്. കഥ പറയുന്ന പശ്ചാത്തലവും ഭൂപ്രകൃതിയുമെല്ലാം മാറുമ്പോള്‍ സിനിമയുടെ താളത്തിന് കോട്ടം വരാതെ കൈകാര്യം ചെയ്യുന്നതില്‍ തേനി ഈശ്വര്‍ വിജയിച്ചു. മഞ്ഞുപുകയുടെ പാടകള്‍ സ്വാഭാവികമായി നീങ്ങി പോകുമ്പോഴാണ് പലപ്പോഴും തിരശ്ശീലയിലെന്താണെന്ന് കാഴ്ചയിലേക്ക് തെളിഞ്ഞുവരുന്നത്. അത്രമേല്‍ മനോഹരവും കൃത്യതയും ഇഴചേര്‍ന്നതാണ് ഛായാഗ്രഹണം
കഥയുടെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന സംഗീതമൊരുക്കിയ യുവന്‍ ശങ്കര്‍ രാജയുടെ സംഭാവനയും സ്തുത്യര്‍ഹമാണ്. വീട്ടുജോലിക്കാരി വിജയലക്ഷ്മിയുടെ വേഷം കൈകാര്യം ചെയ്ത അജ്ഞലി, ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ട അഞ്ജലി അമീര്‍
തുടങ്ങി ചെറിയ വേഷങ്ങളില്‍ വരുന്ന കഥാപാത്രങ്ങള്‍ വരെ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്ന പ്രകടനം കാഴ്ചവെച്ചു.
റാം എന്ന സംവിധായകന്റെ മികവ് സിനിമയൊട്ടാകെ പ്രകടമാണ്. അത്ര സൂക്ഷമതയോടെ വിട്ടുവീഴ്ചകള്‍ക്കൊരുക്കമല്ലാതെയാണ് ചിത്രം മെനഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിനപ്പുറത്തേക്കും സിനിമയെ അടയാളപ്പെടുത്താന്‍ കഴിഞ്ഞതും ആ കമ്മിറ്റ്മെന്റാണ്.
സ്ഫോടനം സിനിമയിലാണ് ആദ്യമായി മമ്മൂട്ടിയെ കാണുന്നത്. ജയനും സുകുമാരനും സോമനും അഭിനയിക്കാനിരുന്ന പി. ജി. വിശ്വഭരന്‍ സിനിമയില്‍നിന്നും ജയന്റെ മരണത്തോടെയുണ്ടായ മാറ്റങ്ങളിലൂടെയാണ് മമ്മൂട്ടി ആ സിനിമയിലെത്തുന്നതെന്ന് അക്കാലത്ത് പറഞ്ഞുകേട്ട കഥയാണ്.
സജിന്‍ എന്നായിരുന്നു സ്ഫോടനത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയുടെ പേര്.
പിന്നീടങ്ങോട്ട് കുറേയേറെ മമ്മൂട്ടി സിനിമകള്‍ കണ്ടു. കോട്ടിട്ട, കൈയ്യില്‍ പെട്ടി തൂക്കി ജോലിക്ക് കാറില്‍ കയറി പോകുമ്പോള്‍ റ്റാറ്റ കൊടുക്കാന്‍ പൂമുഖവാതിക്കല്‍ ഭാര്യയും കുട്ടിയുമുള്ള മമ്മൂട്ടി ചിത്രങ്ങള്‍.
ഇഷ്ടമായിരുന്നു ആ സിനിമകളൊക്കെ. അതിനിടയിലൂടെയാണ് താളവട്ടത്തിലെ വിനുവെന്ന കുസൃതിക്കാരന്‍ കളഭം ചാര്‍ത്തും കനകക്കുന്നില്‍ മരുവും താലോലം കിളികള്‍ എന്ന് പാടി തലകുത്തിമറിഞ്ഞ് ഹൃദയത്തിലൊരു കസേരയിട്ട് ഇരുന്നത്. അന്ന് മുതലുള്ള ആ ഇഷ്ടം ഇപ്പോഴും മനസ്സില്‍നിന്നും ഒഴിവായിട്ടില്ല.
ലാലേട്ടന്‍ ഇലക്ഷന് നില്‍ക്കുന്നില്ലായെന്നൊക്കെ പോസ്റ്റ് ഇടുന്നത് ആ ഇഷ്ടം കൊണ്ടുതന്നെയാണ്. എങ്കിലും മമ്മൂട്ടി ചിത്രങ്ങള്‍ നല്ലതാണെങ്കില്‍ നല്ലതെന്ന് പറയാന്‍ ഒരു മടിയുമില്ല. ഒരു വടക്കന്‍ വീരഗാഥ ഒമ്പതുവട്ടം തിയ്യറ്ററില്‍ പോയി കണ്ടത് ആ അഭിനയ മികവ് കണ്ട് തന്നെയാണ്.
അടിയൊഴുക്കുകൾ, യാത്ര, തനിയാവര്‍ത്തനം
മതിലുകൾ, വിധേയൻ, പൊന്തൻ മാട, അമരം,
സുകൃതം, ഉദ്ധ്യാനപാലകന്‍, മൃഗയ, മഴയെത്തുംമുമ്പേ, ഭൂതക്കണ്ണാടി, പാഥേയം അരയന്നങ്ങളുടെ വീട്, കറുത്ത പക്ഷികൾ, കാഴ്ച, പാലേരിമാണിക്യം, പത്തേമാരി
എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങള്‍ മനം നിറഞ്ഞ് കണ്ടതാണ് ഈ വലിയ നടന്റെ
അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളതയെന്ന് ലോക സിനിമ വിലയിരുത്തിയ മമ്മൂട്ടിയിലെ അഭിനേതാവിനെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള സിനിമകളോ കഥാപാത്രങ്ങളോ സമീപ കാലത്തൊന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാല്‍ പേരന്‍പിലൂടെ ആ മികച്ച നടനിലെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞു. . പെണ്‍കുട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്ന ഒരു പിതാവിന്റെ പരിമിതികള്‍ സൃഷ്ടിച്ച ദൈന്യത അതിഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
0 Comments