മരുപ്പച്ചകള്‍ എരിയുമ്പോള്‍, രസിച്ച് വായിക്കാവുന്ന നോവല്‍,

രമേഷ് പെരുമ്പിലാവ്.……………………………………………………………
പ്രവീണ്‍ പാലക്കീലിന്റെ ‘മരുപ്പച്ച എരിയുമ്പോള്‍’ എന്ന കൊച്ചുനോവല്‍ വായിക്കാന്‍ തുടങ്ങുമ്പോഴേ മനസ്സിലേക്ക് വന്നത് കൊച്ചുബാവയുടെ വൃദ്ധസദനത്തിലെ നായകന്റെ ഒറ്റപ്പെടലും ആത്മഭാഷണങ്ങളും ആ കാഥാപാത്രം പിന്നിട്ട ജീവിത സംഘര്‍ഷങ്ങളുമാണ്. പ്രവീണിന്റെ നോവലും പറയുന്നത് ആത്മസംഘര്‍ഷങ്ങളുടെ കഥയാണ്, ഒറ്റപ്പെടലിന്റേയും.
സമാനമായ അവസ്ഥയാണ് ഇരു കൃതികളും മുന്നോട്ട് വെക്കുന്നത്. വൃദ്ധസദനത്തിലേക്ക് എത്തിപ്പെട്ടവന്റെ ഏകാന്തതയാണ് ഒന്നിലെങ്കില്‍, എല്ലാമുണ്ടായിട്ടും ഏകനായി പോകുന്ന വ്യഥയാണ് മറ്റൊന്നില്‍.
അറുപത് വയസ്സ് പിന്നിടുന്ന ഒരാളുടെ നടന്നു തീര്‍ത്ത കാലത്തെ ജീവിതത്തിലേക്കയാള്‍ വായനക്കരെ ഒരു കേള്‍വിക്കാരനെന്ന വിധം കൊണ്ടുപോകുന്നു. നാളെയയാളുടെ ഷഷ്ഠിപൂര്‍ത്തിയാണ്. അയാള്‍ അതിലേക്കൊരു അതിഥിയെ കാത്തിരിക്കുന്നുണ്ട്. അപ്പോഴയാള്‍ക്ക് മകനെ ഓര്‍മ്മ വരുന്നുണ്ട്. അയാളുടെ രാധയെ ഓര്‍മ്മ വരുന്നുണ്ട്.
രാധാകൃഷ്ണനെന്ന കൃഷ്ണനാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. അയാളുടെ ഓര്‍മ്മകള്‍ ചെന്ന് നില്‍ക്കുന്നത് പന്ത്രണ്ടാം ക്ലാസ്സിലെ പഠനകാലത്താണ്. അമ്മയുടെ അകന്ന ബന്ധുമായ ബാലമാമ്മന്റെ മകള്‍ രാധമണിയെന്ന രാധയപ്പോള്‍ എട്ടാം തരത്തിലാണ് പഠിക്കുന്നത്. നാട്ടുകാരണവര്‍ എന്നും കാണുന്നവര്‍. പിന്നീടവര്‍ പ്രണയിക്കുന്നു. വിവാഹം കഴിക്കുന്നു. വിരഹം അനുഭവിക്കുന്നു. പ്രവാസിയാവുന്നു, വേര്‍പിരിയുന്നു, വീണ്ടും കണ്ടുമുട്ടുന്നു.ആകസ്മികമായി പിന്നീട് ഉരുത്തിരിയുന്ന നാടകീയമായ സംഭവങ്ങള്‍ക്ക് ശേഷം ജീവിതത്തിലയാള്‍ എല്ലാവരും ഉണ്ടെങ്കിലും ഏകാകിയാവുന്നു. ഇതൊക്കെയാണ് നോവലിന്റെയൊരു സംഗ്രഹീത രൂപം.
കഥ പറയുന്ന ഫോട്ടോകള്‍ കൊണ്ട് ദുബൈയിലും പരിസരങ്ങളിലും പ്രസന്ന വദനനായി നടക്കുന്ന പ്രവീണെന്ന പയ്യന്നൂര്‍ക്കാരനെ വായിക്കുന്നത് ആദ്യമായിട്ടാണ്. നോവലിന്റെ ഫ്രയിമില്‍ അയാളെന്തായിരിക്കും ഒപ്പിയെടുത്തിരിക്കുകയെന്നൊരു ആകാംഷയോടെയാണ് വായിക്കാന്‍ തുടങ്ങീയത്.പ്രണയം പറഞ്ഞുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. ആ പ്രണയം ആസാദ്ധ്യമായി പറയാന്‍ കഥാകാരന് സാദ്ധ്യമായിട്ടുണ്ട്. പ്രണയമെന്ന പുഴയില്‍ ഒരിക്കലെങ്കിലും മുങ്ങിയ ഒരാള്‍ക്ക് അത് ഈ നോവലിന്റെ വായനയില്‍ കൃത്യമായി അനുഭവിക്കാനാവും.
കൗമാര പ്രണയത്തിലൂടെ വിവാഹബന്ധത്തിലെത്തുന്ന നായകനേയും നായികയേയും അതിസുന്ദരമായിട്ടാണ് പ്രവീണ്‍ അവതരിപ്പിക്കുന്നത്. പിന്നീടുണ്ടാകുന്ന വിരഹവും ഇറാഖിലേക്കുള്ള കൃഷ്ണന്റെ യാത്രയും പ്രവാസവുമൊക്കെ പറയുമ്പോള്‍ വായനക്കാരന്റെ കണ്ണുനിറയുന്നത് കഥ പറയാനുള്ള നോവലിസ്റ്റിന്റെ മിടുക്ക് തന്നെയാണ്.
വായനക്കാരനെ യാതൊരു തടസ്സവുമില്ലാതെ ആദ്യമദ്ധ്യാന്തം കൈപിടിച്ച് കൊണ്ടുപോകുന്നുണ്ട് എഴുത്തുകാരന്‍. നായകന്റെ ആത്മസംഘര്‍ഷങ്ങളില്‍ വായനക്കാരനും നീറിപിടയുന്നുണ്ട്. കുറേയധികം മനോഹരമായ ചിത്രങ്ങളാല്‍ കാലവും പ്രകൃതിയും സന്ദര്‍ഭാനുസരണം രേഖപ്പെടുത്തുന്നതാണ് എഴുത്ത് രീതി.
.
കാലങ്ങളെ അതിവേഗം വാക്കുകളാല്‍ കൊണ്ടുപോകുന്നുണ്ട്. ഏറെ എഴുത്ത് പരിചയമുള്ളൊരു കഥാകൃത്തിനെ പോലെ. ചെറിയ വരികളിലൂടെ പ്രണയവും, വിവാഹവും പരദേശവും, തിരിച്ച് വരവും മകന്റെ വളര്‍ച്ചയും പേരക്കുട്ടിളുടെ കളിയുമൊക്കെ വരച്ചിടുന്നുണ്ട് നോവലിലുടനീളം.
നോവലിലെ പല നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളുടെ ചാതുര്യം അതിശയിപ്പിക്കുന്നതാണ്. ആദ്യമായി നോവലെഴുതുന്ന ഒരാള്‍ക്കത് അത്ര വേഗം വഴങ്ങില്ല സംഭാഷണങ്ങളുടെ ചടുലത. പ്രവീണത്തില്‍ മികവ് കാണിക്കുന്നു.
മരുപ്പച്ചകള്‍ എരിയുമ്പോള്‍ ഒരു നല്ല റീഡബിളായ നോവലാണ്. ജനപ്രിയ സിനിമയൊക്കെ പോലെ രസിച്ച് വായിക്കാവുന്ന, ഒറ്റ വായനയില്‍ തീര്‍ന്നുപോകുന്ന ഒരു കൊച്ചുനോവല്‍.
ക്ലൈമാക്സില്‍ നായകനേയും വാനക്കാരേയും പ്രതീക്ഷയുടെ നെറുകയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു. എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് പറയാതെ പറഞ്ഞവസാനിക്കുന്നു നോവല്‍.ഇതുവരെ പറഞ്ഞതൊക്കെ നോവലിന്റെ നല്ല വശങ്ങളാണ്. ഇനി ചില പോരായ്മകള്‍ പറയാം.
ആദ്യമേ പറയട്ടെ കഥയുടെ പേര് വളരെ ക്ലീഷയുള്ളതാണ്. ഒരു മുപ്പത് വര്‍ഷം മുമ്പ് ഇറങ്ങുന്ന നോവലിന് ഇടേണ്ടുന്ന പേരാണത്.ഭാഷയെ നവീകരിക്കേണ്ടതുണ്ട്. വിഷയത്തില്‍ പുതിയ പ്രമേയങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. അതുകൊണ്ടാണ് എഴുത്തിന്റെ തുടക്കത്തില്‍ വൃദ്ധസദനത്തെ ഓര്‍മ്മിപ്പിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് വൃദ്ധ സദനങ്ങള്‍ കേട്ട് കേള്‍വിയില്ലാത്ത കാലത്താണ്. വരാന്‍ പോകുന്ന കാലത്തെ മുന്‍കൂട്ടി കണ്ട് ബാവക്ക എഴുതിയത്. ഇന്നെവിടെയും വൃദ്ധസദനങ്ങള്‍ മാത്രമാണ്.
മറ്റൊന്ന് വിവാഹനന്തരം കൃഷ്ണന്‍ വിദേശത്ത് പോകുമ്പോള്‍, രാധയിലുണ്ടാവുന്ന മാറ്റമാണ്. വെറും ഒന്നര വര്‍ഷത്തെ ഇടവേളയില്‍ രാധയിലുണ്ടാവുന്ന മാറ്റങ്ങള്‍ വായനയില്‍ കല്ലുകടിയാവുന്നു. വര്‍ഷങ്ങളിലൂടെ ആ മാറ്റം സംഭവിക്കേണ്ടതായിരുന്നു.
ജീവിതഗന്ധിയായ കഥ പറഞ്ഞെങ്കിലും സാഹിത്യപരമായി പുതുമകളൊന്നും അവകാശപ്പെടാനാവില്ല എഴുത്തിന്. മലയാള നോവല്‍ ഒരുപാട് പരീക്ഷണ
കാലങ്ങളിലൂടെ കടന്ന് പോയിരിക്കുന്നു.പ്രവീണ്‍ നല്ല എഴുത്തുകാരനാണ്, വായനക്കാരനെ കൂടെ കൊണ്ട് പോകാന്‍ കഴിയുന്ന കഥാകാരന്‍. വരാനിരിക്കുന്ന എഴുത്തിനെ മികച്ചതാക്കാനാണ് ഇതിലെ പോരായ്മകള്‍ തുറന്ന് പറയുന്നത്. എഴുത്തിന്റെ ലോകത്ത് പുതിയ വിഷയവുമായി പ്രവീണ്‍ പാലക്കീല്‍ മിന്നിത്തിളങ്ങുമെന്ന് പ്രതീക്ഷയുണ്ട്.
ആദ്യ നോവലെന്ന പരിഗണനയില്ലാതെ പറയാം ‘മരുപ്പച്ചകള്‍ എരിയുമ്പോള്‍’ എന്ന കൃതി ബെസ്റ്റ് സെല്ലറായാല്‍ അത്ഭുതമില്ല. അത്രമാത്രം വായനാസുഖമുണ്ട് ഈ കൃതിക്ക്.
0 Comments