അയോദ്ധ്യ വിഷയം വീണ്ടും കത്തിക്കാന്‍ അമിത് ഷാ രംഗത്ത്

ഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി പൊടി തട്ടിയെടുത്ത അയോദ്ധ്യ കാര്‍ഡ് വീണ്ടും ചര്‍ച്ചയാക്കാന്‍ അമിത് ഷാ അരയും തലയും മുറുക്കി രംഗത്ത്.അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ നിന്നും പിന്നോട്ടില്ലെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ രാമക്ഷേത്രം നിര്‍മിക്കും. അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നത് എവിടെയാണോ അവിടെത്തന്നെ പുതിയ ക്ഷേത്രവും നിര്‍മിക്കുമെന്നും ഡല്‍ഹിയില്‍ നടക്കുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞു.
പാര്‍ട്ടിയുടെ അടിസ്ഥാന ആശയത്തില്‍ വിട്ടുവീഴ്ചയില്ല. ഭരണഘടനയ്ക്കുള്ളില്‍ നിന്നു ക്ഷേത്രം ഉടന്‍ നിര്‍മിക്കും. നിലവില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രനിര്‍മാണത്തിന് തടയിടുന്നത് കോണ്‍ഗ്രസാണ്. കോടതിയിലെ കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കാനാണ് എക്‌സിക്യൂട്ടീവ് ചേരുന്നത്. മുന്നാക്ക സംവരണ ബില്ലും പട്ടിക ജാതി- പട്ടിക വര്‍ഗ നിയമ ഭേദഗതിയും അടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ഉയര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തെല്ലാം തന്ത്രങ്ങള്‍ സ്വീകരിക്കണം, ഏതെല്ലാം കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പ്രധാന പ്രചാരണ വിഷയങ്ങളാക്കണം എന്നതും എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചയാകും.
12,000ത്തോളം അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇതു ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എക്‌സിക്യൂട്ടീവ് യോഗമാണ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. ശനിയാഴ്ച വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന്റെ സമാപന പ്രസംഗം നടത്തും.
0 Comments