ടോക്കിയോ,ഒളിംപിക്‌സ് വില്ലേജ് ഔദ്യോഗികമായി തുറന്നു.

ടോക്കിയോ: ഒളിംപിക്‌സിന് വേദിയുണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അത്‌ലറ്റുകള്‍ക്കു താമസസൗകര്യമൊരുക്കിയിരിക്കുന്ന ഒളിംപിക്‌സ് വില്ലേജ് ഔദ്യോഗികമായി തുറന്നു. ചെക്ക് റിപബ്ലിക് സംഘമാണ് വില്ലേജിലേക്ക് ആദ്യമായി പ്രവേശിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി വില്ലേജ് തുറക്കല്‍ ചടങ്ങ് ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്കു അനുമതി നല്‍കിയിരുന്നില്ല. മുന്‍ ഗെയിംസുകളിലെല്ലാം ഒളിംപിക്‌സ് വില്ലേജ് തുറക്കുന്നതിനു മുമ്പായി അത്‌ലറ്റുകളെ വില്ലേജിലേക്ക് സ്വാഗതം ചെയ്യുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട@ായിരുന്നു. എന്നാല്‍ ഇത്തവണ കൊവിഡ് ഭീഷണിക്കിടെ നടക്കുന്ന ഗെയിംസായതിനാല്‍ അത്തരം ചടങ്ങുകളെല്ലാം ഉപേക്ഷിച്ചിരുന്നു. ടോക്കിയോയിലെ ഹരുമിയിലാണ് അത്‌ലറ്റുകള്‍ക്കായി ഒളിംപിക് വില്ലേജ് ഒരുക്കിയിരിക്കുന്നത്. അത്‌ലറ്റുകളെ വഹിച്ചുകൊണ്ടുള്ള ബസുകള്‍ പൊലിസ് അകമ്പടിയോടെയായിരുന്നു വില്ലേജില്‍ പ്രവേശിച്ചത്. വില്ലേജിലെ വിവിധ ബാല്‍ക്കണികളില്‍ വിവിധ രാജ്യങ്ങളുടെ ദേശീയ പതാകയും തൂക്കിയിട്ടുണ്ട്.
അത്‌ലറ്റുകള്‍ തങ്ങള്‍ മത്സരിക്കുന്ന ഇനത്തിന് അഞ്ചു ദിവസം മുമ്പെങ്കിലും വില്ലേജിലെത്തിയിരിക്കണമെന്ന് ഒളിംപിക്‌സ് വില്ലേജില്‍ താമസിക്കുന്ന അത്‌ലറ്റുകള്‍ക്കായി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇവന്റുകള്‍ കഴിഞ്ഞാല്‍ രണ്ടു ദിവസത്തിനകം വില്ലേജ് വിടുകയും വേണം. മുഴുവന്‍ പേര്‍ക്കും ദിവസേന കൊവിഡ് ടെസ്റ്റുകളുണ്ടാവും. വില്ലേജിനകത്തു അത്‌ലറ്റുകള്‍ നിര്‍ബന്ധമായും മാസ്‌ക്കുകള്‍ ധരിക്കണം. 18,000ത്തോളം അത്‌ലറ്റുകളും ഒഫീഷ്യലുകളുമായിരിക്കും ഗെയിംസിന്റെ ഭാഗമായി വില്ലേജില്‍ താമസിക്കുക.
0 Comments