യൂ എ ഇയില്‍ വീണ്ടും കോവിഡ് വ്യാപനം.

ദുബായ്: കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ യുഎഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ ഞായര്‍ 210, തിങ്കള്‍ 229, ചൊവ്വ 365 എന്നിങ്ങനെയാണ് മുന്‍ദിവസത്തെ കണക്കുകള്‍. എന്നാല്‍ വ്യാഴാഴ്ച 461 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 131 പേര്‍ രോഗമുക്തരായതായും രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.ആകെ 369 പേരാണ് മരണത്തിന് കീഴടങ്ങിയത്. സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും പൊതുവിപണിയും സാധാരണ നിലയിലേക്ക് വന്നിട്ട് ഏതാനും ആഴ്ച്ചകളായി. ജനങ്ങളുടെ ഇടപെടലാണോ രോഗ വ്യാപനത്തിന് കാരണമെന്ന സംശയത്തിലാണ് ആരോഗ്യ വകുപ്പ്.
കേസുകള്‍ വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞിരുന്നു. കുറച്ച് ആഴ്ചകളായി കോവിഡ് 19 രോഗനിരക്ക് കുറയുന്ന പ്രവണതയാണ് കണ്ടു കൊണ്ടിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യകരമായ രീതിയില്‍ ഇപ്പോള്‍ ദിനംപ്രതിയുള്ള കേസുകള്‍ വര്‍ധിച്ചു വരികയാണ്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കുടുംബസമൂഹ ഒത്തുചേരലുകള്‍ ഒഴിവാക്കുകയും വേണം എന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.
രാജ്യത്ത് ഇതുവരെയുള്ള മൊത്തം കേസുകള്‍ 65,802 ആയി. ഇതില്‍ 58,153 പേര്‍ രോഗമുക്തരായി. 369 പേരാണ് മരിച്ചത്. 7280 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 72,000 കോവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇതുവരെ 6.2 ദശലക്ഷം കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ രാജ്യമാണ് യുഎഇ.വളരെ വേഗം രോഗവ്യാപനം തടയുകയും ജനങ്ങളെ സാധാരണ ജീവിത്തിലേക്ക് കൊണ്ടു വരികയും ചെയ്ത യൂ എ ആയുടെ പ്രവര്‍ത്തനങ്ങളെ ആഗോള സമൂഹം നേരത്തെ അഭിനന്ദിച്ചിരുന്നു. രോഗവ്യാപനം തടയാനും ജനങ്ങളുടെ ജീവിതം സാധാരണ നിലയില്‍ തുടരാനും ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ച മുന്‍ കരുതല്‍ എല്ലാവരും പാലിക്കണെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രോഗം നമുക്ക് ചുറ്റും ഉണ്ടെന്ന കരുതലാണ് വേണ്ടെതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
കോവിഡ് പരിശോധനയില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയായി യു.എ.ഇ. ഇതുവരെ 60 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് യു.എ.ഇ നടത്തിയത് എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പത്തുലക്ഷം പേരില്‍ നടത്തുന്ന പരിശോധന പ്രകാരം ആഗോള തലത്തില്‍ ഒന്നാമതാണ് രാജ്യം.
പരിശോധനയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. ഈയിടെ ഏഴു ഇമാറാത്തിലും 14 ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കിയതായി ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് വ്യക്തമാക്കി. ഷാര്‍ജ, അബുദാബി, ദുബൈ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് പുറമേയാണിത്.
പരിശോധാ കേന്ദ്രത്തിനൊപ്പം മെഡിക്കല്‍ ഗവേഷണത്തിനായി പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടും കഴിഞ്ഞ ദിവസം രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മുഹമ്മദ് ബിന്‍ റാഷിദ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുന്നൂറോളം ഗവേഷകരാണ് പകര്‍ച്ച വ്യാധികളുടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദുബൈയിലെ ആദ്യത്തെ സ്വതന്ത്ര ബയോ മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണിത്. ആഗോള ആരോഗ്യസുരക്ഷയില്‍ സജീവ സംഭാവന നല്‍കുന്ന കേന്ദ്രമായി ഇതു മാറുമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിന്‍ പരിശീലനത്തിന് വിജയകരമായ ഫലങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. മൂന്നാം ഘട്ടത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായിട്ടുള്ളത്. വോളണ്ടിയര്‍മാര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരീക്ഷണത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. യു.എ.ഇക്കു മാത്രമല്ല, ലോകത്തുടനീളമുള്ള കോടിക്കണക്കിന് പേര്‍ക്ക് ഇതുമൂലം നേട്ടമുണ്ടാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments