അമേരിക്കന്‍ മലയാളി യു.എ നസീറിനെ ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തു.

യു.എ നസീറിനെ കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തു.
തിരുവനന്തപുരം.പ്രമുഖ അമേരിക്കന്‍ മലയാളിയും അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ യു.എ നസീറിനെ കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരളസഭയിലേക്ക് തെരഞ്ഞെടുത്തു.
ലോക കേരളസഭയുടെ നിയമാവലി പ്രകാരം അംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് യു.എ നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ പരമാവധി രാജ്യങ്ങള്‍ക്ക് പ്രാധിനിത്യം ലഭിക്കുന്ന രീതിയില്‍ വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെ കാലമായി അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന നസീര്‍ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളായ നന്മ, ഗ്ലോബല്‍ കെ.എം.സി.സി, ജസ്റ്റിസ് ഫോര്‍ ഓള്‍, ഐ.എന്‍.ഒ.സി തുടങ്ങിയ സംഘടനകളുടെ നേതൃനിരയില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണെങ്കിലും സംഘടനാ പ്രതിനിധിയായിട്ടല്ല അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുള്ളത്. ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് ഉള്‍പ്പെടെയുള്ള മുപ്പതോളം പ്രശസ്തരുടെ ലിസ്റ്റിലേക്കാണ് യു.എ നസീറിനേയും നോമിനേറ്റ് ചെയ്തത്.
കേരള സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ച ഉടനെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി യു.എ നസീര്‍ ഇതുസംബന്ധമായി അഭിപ്രായം ആരായുകയും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പദവി ഏറ്റെടുക്കാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ ക്ഷണം അദ്ദേഹം സ്വീകരിക്കുകയായിരുന്നു.
മുന്‍മന്ത്രിയും പ്രശസ്ത പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന മുസ്ലിംലീഗ് നേതാവ് യു.എ ബീരാന്‍ സാഹിബിന്റെ മകനാണ് നസീര്‍.
2020 ജനുവരി 2,3 തിയ്യതികളില്‍ തിരുവനന്തപുരത്തെ നിയമസഭാ കോംപ്ലക്സില്‍ വെച്ചാണ് രണ്ടാമത് ലോക കേരളസഭ ചേരുന്നത്.
0 Comments