വെന്റിലേറ്റര്‍ ആവശ്യത്തിനില്ല, രോഗികള്‍ നെട്ടോട്ടത്തില്‍

മലപ്പുറം: കോവിഡ് രോഗികളുടെ വര്‍ദ്ധനവ് ചികിത്സ രംഗത്തും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. ചില സ്വകാര്യ ആശുപത്രികള്‍ പോലും രോഗികളെ ചികിത്സിക്കാനിടമില്ലാതെ മടക്കി അയക്കുന്നതായി അറിയുന്നു. കൊവിഡ് ബാധിതര്‍ക്ക് വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാതെ മലപ്പുറം ജില്ലയില്‍ ബന്ധുക്കള്‍ രോഗികളുമായി നെട്ടോട്ടത്തില്‍. സമീപ ജില്ലകളിലും വെന്റിലേറ്റര്‍ ലഭിക്കാതെ രണ്ടുപേരാണ് രണ്ടുദിവസത്തിനിടെ മരിച്ചത്. പുറത്തൂര്‍ ഇണ്ടിവീട്ടില്‍ ഹസ്സയിനാരുടെ ഭാര്യ ഫാത്തിമ(80) തിങ്കളാഴ്ചയും, ചേലേമ്പ്ര നീറ്റിങ്ങല്‍ ഹസ്സന്‍(56) ഞായറാഴ്ചയുമാണ് മരിച്ചത്.
വെന്റിലേറ്ററിനുവേണ്ടി ബന്ധുക്കള്‍ സോഷ്യല്‍ മീഡിയയിലും ആശുപത്രികളിലും അന്വേഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. നേരത്തെ പരാതിയുമായി രംഗത്തെത്തിയ ബന്ധുക്കള്‍ പിന്നീട് പരാതിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തു. എന്നാല്‍ ഇവരുടെ മരണം വെന്റിലേറ്റര്‍ ലഭിക്കാത്തതുകൊണ്ടാണെന്ന് രോഗിയെ പരിശോധിച്ച ഡോക്ടര്‍ തന്നെ സമ്മതിക്കുകയും ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 45 വെന്റിലേറ്ററുകളും ഉപയോഗത്തിലാണ്. മൂന്ന് വെന്റിലേറ്റര്‍ തകരാറിലുമാണ്. മറ്റുള്ള താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വെന്റിലേറ്ററുകള്‍ ഒഴിവില്ല. സമീപത്തെ കോഴിക്കോട് ജില്ലയിലും തൃശൂരും ഇതേ അവസ്ഥയായതിനാല്‍ കൊവിഡ് ബാധിതരുമായി നെട്ടോട്ടമോടുകയാണ് ബന്ധുക്കള്‍.ഞായറാഴ്ച മരിച്ച ഹസ്സന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ അന്വേഷണത്തിനിടെയാണ് മരിച്ചത്. ഇന്നലെ മരിച്ച പുറത്തൂര്‍ ഫാത്തിമക്കുവേണ്ടി വെന്റിലേറ്റര്‍ സൗകര്യത്തിനായി ബന്ധുക്കള്‍ പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ച് ശ്രമിച്ചെങ്കിലും കോഴിക്കോടും തൃശൂരിലും സൗകര്യം ലഭിച്ചില്ല. ഇന്നലെ ഫാത്തിമ മരിച്ചു. ആശുപത്രികളിലും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ഓക്‌സിജന്‍ സിലിണ്ടര്‍ സൗകര്യമടക്കമുണ്ടെങ്കിലും വെന്റിലേറ്റര്‍ അപര്യാപ്തതയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
0 Comments