ലൂയി സുവാരസിന്റെ ചിറകിലേറി ഉറുഗ്വെ പ്രീക്വാർട്ടറിൽ കടന്നു

റോസ്തോവ്: നൂറാം മത്സരത്തിൽ ഗോൾ നേടിയ സൂപ്പർ സ്ട്രൈക്കർ ലൂയി സുവാരസിന്റെ ചിറകിലേറി ഉറുഗ്വെ പ്രീക്വാർട്ടറിൽ കടന്നു. ആദ്യ പകുതിയിൽ സുവാരസ് നേടിയ ഏക ഗോളിലായിരുന്നു ഉറുഗ്വെ, ഏഷ്യൻ പ്രതിനിധികളായ സൗദി അറേബ്യയെ പരാജയപ്പെടുത്തിയത്. ഇതോടെ സൗദിയുടെ റഷ്യൻ ലോകകപ്പിലെ പ്രതീക്ഷകൾ അവസാനിച്ചു. 1994 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ വിജയത്തിനു ശേഷം സൗദി മൂന്ന് ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരുതവണ പോലും ജയിക്കാനായിട്ടില്ല. ഇനി ശേഷിക്കുന്ന ഏക മത്സരത്തിലും സൗദിക്ക് വിജയിക്കാനായില്ലെങ്കിൽ, കഴിഞ്ഞ മൂന്ന് ലോകകപ്പിലേത് പോലെ ഗ്രൂപ്പിലെ ഏറ്റവും അവസാന സ്ഥാനക്കാരെന്ന നാണക്കേട് പേറേണ്ടിവരും.
ഗ്രൂപ്പ്-എയിലെ രണ്ടാം റൗണ്ട് മത്സരത്തിന്റെ 23ാം മിനിറ്റിലായിരുന്നു ഉറുഗ്വെ മുന്നിലെത്തിയത്. കോർണറിൽ നിന്നും കാർലോസ് സാഞ്ചസ് തൊടുത്തുവിട്ട പന്ത്, ഉയർന്നു ചാടിയ ഗോളിയേയും മറികടന്നെത്തിയ കബളിച്ചെത്തിയപ്പോൾ സുവാരസ് അതിമനോഹരമായി വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഇതോടെ, മൂന്നു വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ ഉറുഗ്വെയ്ൻ താരമെന്ന വിശേഷണവും സുവാരസ് സ്വന്തമാക്കി.
സമാറ: റഷ്യൻ ലോകകപ്പിലെ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഡെൻമാർക്ക് ഇന്ന് ഇറങ്ങുന്നു. ഗ്രൂപ്പിലെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ കരുത്തരായ ഫ്രാൻസിനോട് തോൽവി വഴങ്ങിയ ഓസ്ട്രേലിയയ്ക്കും ഇന്ന് അതിജീവനത്തിന്റെ പേരാട്ടമാണ്.
പെറുവിനെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചാണ് ഡെൻമാർക്ക് തുടങ്ങിയത്. പെറു പ്രതിരോധത്തിന് മുന്നിൽ പതറിയ ഡെൻമാർക്ക്. പെറു താരം പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ 59 ാം മിനിറ്റിൽ യൂസഫ് പോളസനാണ് ഡെൻമാർക്കിനായ് ഗോൾ നേടിയത്.
ഫ്രാൻസിനോട് വിഡിയോ റഫറിയിങ്ങിന്റെ അനുകൂലത്തിൽ പെനാൽറ്റി വഴങ്ങിയ ഓസ്ട്രേലിയ 80 ാം മിനിറ്റിൽ പോൾ പോഗ്ബയുടെ ക്ലാസിക് ഫിനിഷിന് മുന്നിലാണ് ഒന്നിനെതിരേ രണ്ട് ഗോളിന്റെ തോൽവി വഴങ്ങിയത്. എന്നാൽ കരുത്തരായ ഫ്രാൻസിനെ പിടിച്ചുനിർത്തിയ ഓസ്ട്രേലിയ റഷ്യയിലെ ഫുട്ബോൾ ആരാധകരുടെ മനസ് കീഴടക്കിയാണ് മടങ്ങിയത്. മത്സരത്തിൽ ഓസീസ് പ്രതിരോധം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ഓസ്ട്രേലിയൻ പ്രതിരോധം കീഴടക്കുകയെന്ന വലിയ ലക്ഷ്യമാകും ഡെൻമാർക്കിന് മുന്നിലുള്ളത്.
ഇരുവരും തമ്മിൽ മൂന്ന് തവണ നേർക്കുനേർ പോരാട്ടത്തിന് എത്തിയപ്പോൾ രണ്ട് തവണ വിജയം ഡെൻമാർക്കിനൊപ്പമായിരുന്നു. ഒരു മത്സരത്തിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കി. 2012 ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ട് ഗോൾ വിജയം ഡെൻമാർക്കിനൊപ്പം നിന്നു.
പെറുവിനെതിരായ മത്സരത്തിൽ സസ്പെൻഷൻ ലഭിച്ച മിഡ്ഫീൽഡർ വില്ല്യം കെവിസ്റ്റിന് പകരക്കാരനായി അജാക്സ് താരം ലാക്സെ ഷോൺ കളത്തിലെത്തു. ഓസീസ് നിരയിൽ വെറ്ററൻ താരം ടിം കാഹിലിന് ഇടം നൽകാനും സാധ്യതയുണ്ട്.
കസാൻ: സൂപ്പർ സ്ട്രൈക്കർ ഡീഗോ കോസ്റ്റയുടെ ചിറകിലേറി ഇറാനെ മറികടന്ന് സ്പെയിനിന്റെ കുതിപ്പ്. അവസാനം വരെ പൊരുതിയ ഇറാനെ, എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയ്ൻ പരാജയപ്പെടുത്തിയത്. ഇറാൻ പരാജയപ്പെട്ടതോടെ ഗ്രൂപ്പ്-ബിയിൽ മൊറോക്കോയുടെ ലോകകപ്പ് പ്രതീക്ഷകളും അസ്തമിച്ചു. നിലവിൽ നാല് പോയിന്റ് വീതമുള്ള പോർച്ചുഗലും സ്പെയ്നും ഗ്രൂപ്പിൽ മുന്നിൽ നിൽക്കുന്നത്. മൂന്ന് പോയിന്റുള്ള ഇറാന് അവസാന മത്സരത്തിൽ പോർച്ചുഗലിനെ പരാജയപ്പെടുത്തിയാൽ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം.
നേരത്തെ, 62ാം മിനിറ്റിലെ ഫ്രീ കിക്കില് നിന്നും സ്പെയിനിനെ ഞെട്ടിച്ച് ഇറാൻ വല ചലിപ്പിച്ചിരുന്നു. പക്ഷേ ഷോട്ട് ഓഫ് സൈഡായിരുന്നു എന്ന് ശക്തമായി വാദിച്ച് സ്പെയ്ന് രംഗത്തെത്തി. തുടർന്ന് വിഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആർ) ഉപയോഗിച്ച് വിധി നിർണയം നടത്തിയതോടെ ഇറാന് ഗോൾ നഷ്ടമായി.
54ാം മിനിറ്റിൽ മുന്നേറ്റനിര നടത്തിയ ആക്രമണത്തിൽ, ആന്ദ്രെ ഇനിയേസ്റ്റയുടെ അതിമനോഹരമായ പാസിൽ നിന്നും ഡീഗോ കോസ്റ്റയുടെ തകർപ്പൻ ഫിനിഷിങ്ങാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. ഇനിയേസ്റ്റ ബോക്സിനുള്ളിലേക്ക് നീട്ടി നല്കിയ പാസ്സ് പിടിച്ചെടുത്ത ഡീഗോ കോസ്റ്റ, അത് ഇറാന്റെ വലയിലെത്തിക്കുകയായിരുന്നു. ഇത് റഷ്യൻ ലോകകപ്പിൽ കോസ്റ്റയുടെ മൂന്നാം ഗോളാണ്.
0 Comments